പേജുകള്‍‌

21.12.10

പ്രണയമൊഴി


















പ്രണയം,


തിരിതെളിയാത്ത

കല്‍വിളക്കാണെന്നു നീ





കത്തുന്ന പച്ചമരങ്ങള്‍ക്കു മേല്‍

വെയില്‍ വിരിച്ചിട്ട

വെളിച്ചമൂറ്റി

ഇലപ്പച്ചയില്‍

നീയെഴുതിയ

കവിതകളെല്ലാം

പ്രണയത്തിന്റേതെന്നു ഞാനും







ഒറ്റമഴയ്ക്ക് വിരിഞ്ഞ

മഞ്ഞപ്പൂക്കളടര്‍ന്നു വീണ

ഇടവഴിയിലൊലിച്ചു പോയ

നിന്റെ മൌനത്തിനും



പ്രണയത്തിന്റെ

തീമഴച്ചന്തം







നീയും ഞാനുമാകുന്ന



സമാന്തര വഴികളില്‍

എനിക്കു ചുറ്റും

കട്ട പിടിക്കുന്ന

ഇരുട്ടിനെക്കീറാന്‍

നിന്റെ കണ്ണിലെ

വജ്രസൂചി

മാത്രം മതി.

കോഴിക്കോടിന്റെ സ്വന്തം ശാന്തേടത്തി

2009  ഡിസംബര്‍ മാസത്തിലാണ്, ശാന്തേടത്തിയെ അവസാനമയി കണ്ടത്.കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ വൈദ്യര്‍ മഹോത്സവത്തില്‍ അതിഥിയായെത്തിയതായിരുന്നു ശാന്തേടത്തി. ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ വയ്യെന്നു പറഞ്ഞപ്പോള്‍ കൂടെ വീട്ടിലേക്കു കൂട്ടി.. സ്മാരക കമ്മറ്റിയുടെ ചെയര്‍മാനും മുന്‍ എം പിയുമായ സഖാവ് ടി.കെ. ഹംസക്കയും ഒപ്പം പോന്നു.



വീട്ടില്‍ വിശ്രമിച്ച മൂന്നു മണിക്കൂര്‍ കൊണ്ട് സംഭവ ബഹുലമായ തന്റെ ജീവിതം ഞങ്ങള്‍ക്കു മുന്നില്‍ പൊഴിച്ചിടുകയായിരുന്നു ശാന്തേടത്തി.





മകനു ഏഴു മാസം പ്രായമായപ്പോള്‍ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്, പിന്നീടുള്ള ഒറ്റപ്പെടല്‍, ദാരിദ്ര്യം, ഗായകനും സംഗീത സംവിധായകനുമായ കോഴിക്കോട് അബ്ദുല്‍ ഖാദറിനെ പരിചപ്പെട്ടത്, വിവാഹം, നാടക-സിനിമാ പ്രവേശം, അബ്ദുല്‍ ഖാദറിന്റെ വിയോഗം, മകന്‍ സത്യജിത്തിന്റെ ഭാര്യയുടെ അകാല നിര്യാണം, അതില്‍ മനം നൊന്ത് സത്യജിത്ത് സ്വയം മരണം വരിച്ചത്..........പ്രായാധിക്യത്തിന്റെ പ്രയാസങ്ങള്‍, അരക്ഷിതാവസ്ഥ..............ജീവിതം അവരെ സംബന്ധിച്ചിടത്തോളം തിരശീല വീഴാത്ത നാടക രംഗങ്ങളാണെന്നെനിക്കു തോന്നി. തുടങ്ങുമ്പോഴോ അവസാനിക്കുമ്പോഴോ നീണ്ട ബെല്ലു പോലും മുഴങ്ങാത്ത ദുഃഖ പര്യവസായിയായ നാടകം.





അബ്ദുല്‍ ഖാദറുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് ഹംസക്ക സ്വതസിദ്ധമായ ശൈലിയില്‍ വാചാലനായി.പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ പ്രണയം ശാന്തേടത്തിയുടെ കണ്ണില്‍ത്തെളിഞ്ഞപ്പോള്‍ ഹംസക്ക ശാന്തേടത്തിയെ കളിയാക്കി."എങ്ങനെ നീ മറക്കും കുയിലേ എങ്ങനെ നീ മറക്കും"......".കായലരികത്തു വലയെറിഞ്ഞപ്പൊ വളകിലുക്കിയ സുന്ദരീ"..........അബ്ദുല്‍ ഖാദറിന്റെ അനശ്വരങ്ങളായ പാട്ടുകളോര്‍ത്ത് ശാന്തേടത്തി പൊട്ടിക്കരഞ്ഞു, ജീവിതം പറയുമ്പോള്‍ ശാന്തേടത്തി പലപ്പൊഴും വിങ്ങിപ്പൊട്ടി................ദുരിതം കവിളില്‍ ചാലിട്ടൊഴുകി. പലപ്പൊഴും അടുത്തിരുന്ന എന്റെ കൈ മുറുകെപ്പിടിച്ചു.





യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്നെ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ഒരുമ്മതന്നിട്ടു പറഞ്ഞു.........."എവിടെങ്കിലും വച്ചു കണ്ടാ ഇനി ഞാന്‍ തിരിച്ചറിഞ്ഞൂന്നു വരില്ല.........മിണ്ടാതെ പൊയ്ക്കളയരുത്, നിക്കിനി ആരും ല്യാ.ങ്ങളെപ്പൊലുള്ളോരല്ലാതെ".





തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍

ജീവിതം ചുട്ടെടുത്ത ആര്‍ജ്ജവവുമായി മലയാള നാടക വേദിയില്‍ നിന്ന് സിനിമാലോകത്തേയ്ക്കു കടന്നു വന്ന ശാന്താദേവിയെന്ന കലാകാരിയുടെ ജീവിതം ഇതാണ്,.........സിനിമാ ലോകത്തിന്റെ മനം മയക്കുന്ന ഗ്ലാമറിനതീതയായി ജീവിതം ജീവിച്ചു തീര്‍ക്കുകയായിരുന്നു അവര്‍.





പ്രായവും അസുഖങ്ങളും തളര്‍ത്തിയപ്പോഴും ഇനിയും ചമയങ്ങളണിഞ്ഞ് ഒട്ടും ചമയങ്ങളിലാത്ത കഥാപാത്രമാകണമെന്ന പ്രതീക്ഷയാണ്, ശാന്തേടത്തിയെ ജീവിപ്പിച്ചത്. അഭിനേതാക്കളുടെ സംഘടനയായ "അമ്മ" നല്‍കുന്ന പെന്‍ഷനായിരുന്നു അവരുടെ ഏകവരുമാനം. അവര്‍ ആരോടും പരിഭവം പറഞ്ഞില്ല.............ആരോടും പരാതിയും പറഞ്ഞില്ല. "എനിക്കുള്ളത് എന്നെത്തേടി വരും".......അതായിരുന്നു ശാന്തേടത്തിയുടെ ജീവിത പ്രമാണം.



കോഴിക്കോടിനു തനതായ ഒരു സാംസ്കാരിക പൈതൃകമുണ്ട്.കെ ടിയും തിക്കോടിയനും പി എം താജും സുരാസുവും നിലമ്പൂര്‍ ബാലനുമെല്ലാം പടുത്തുയര്‍ത്തിയ നാടകത്തിന്റേതായൊരു വേറിട്ട വഴി വേറെയുമുണ്ട്. ഈ തട്ടകത്തില്‍ ജീവിതം ആടിത്തളര്‍ന്നവരാണ്, മച്ചാട്ട് വാസന്തി, കുട്ട്യേടത്തി വിലാസിനി, നിലമ്പൂര്‍ ആയിഷ,.............പിന്നെ ശാന്തേടത്തിയും.



കോഴിക്കോട്ടെ ഏതാണ്ടെല്ലാ സാഹിത്യ-സാംസ്കാരിക പരിപാടികളിലും നിറ സാന്നിദ്ധ്യമായിരുന്നു ശാന്തേടത്തി. ആര്‍ഭാടമോ ചമയങ്ങളൊ ഇല്ലാതെ തീരാ വേദനയിലുരുകുമ്പോഴും നിറഞ്ഞ ചിരിയോടെ .



ശാന്തേടത്തി കോഴിക്കോടിന്റെ സ്വന്തമായിരുന്നു. കോഴിക്കോട്ടുകാര്‍ക്കൊക്കെ ശാന്തേടത്തൊയെ പരിചയമായിരുന്നു. കാരണം സിനിമയെന്ന മയിക ലോകത്തിനപ്പുറമായിരുന്നു എന്നും ശാന്താദേവി എന്ന നടി. എസ്.എം സ്ട്രീറ്റിലും പാളയം മാര്‍ക്കറ്റിലും ടൌണ്‍ ഹാളിലും മാനാഞ്ചിറയിലും കടലോരത്തുമെല്ലാം തോളിലൊരു ബാഗും തൂക്കി നിറം മങ്ങിയ സാരിയുമുടുത്ത് തെല്ലും ജാഡയില്ലാതെ ശാന്തേടത്തിയെ  പലപ്പോഴും കണ്ടിട്ടുണ്ട്. പൊള്ളുന്ന ജീവിതക്കാഴ്ചകളുടെ നേര്‍ സാക്ഷ്യമായി.


ഒളിമങ്ങാത്ത മൈലാഞ്ചിച്ചിത്രങ്ങള്‍


ഭൂതകാലത്തിന്റെ ഗൃഹാതുരമായ ഓര്‍മകളിലേക്കുള്ള മടക്കയാത്രകളാണ്, ഒരോ പെരുന്നാള്‍ക്കാലവും. പെരുന്നാളാഘോഷങ്ങളുടെ നിറപ്പൊലിമയ്ക്കപ്പുറത്ത്


ഖുറാന്‍ സൂക്തത്തിന്റെ വിശുദ്ധിയോടെ ഓരോ പെരുന്നാളിനും മനസ്സില്‍ പെരുന്നാളമ്പിളി പോലെ ഉദിച്ചുയരുന്ന ഒരു മുഖം മാത്രമേയുള്ളു-ഉമ്മച്ചി എന്നു ഞങ്ങള്‍ പേരക്കുട്ടികകള്‍ ഏറെയിഷ്ടത്തോടെ വിളിക്കുന്ന ഞങ്ങളുടെ വല്യുമ്മ.





പെരുന്നാളാകുമ്പോഴേക്കും ഒരുക്കങ്ങള്‍ കൂട്ടാന്‍ എല്ലാവരേക്കാളും ധൃതി ഉമ്മച്ചിക്കായിരുന്നു. ഞങ്ങള്‍ക്കൊക്കെ പുത്തനുടുപ്പുകള്‍ വാങ്ങാനും പെരുന്നാള്‍്‌ വിഭവങ്ങളൊരുക്കാനുമെല്ലാം തിരക്കു പിടിച്ച് ഉമ്മച്ചി തറവാട്ടു വീട്ടില്‍ സദാ ഓടിനടക്കും





വെവ്വേറെ വീടുകളിലാണു താമസമെങ്കിലും പെരുന്നാള്‍ രാവിന്, എല്ലാവരും തറവാട്ടില്‍ ഒത്തു കൂടണമെന്നത് ഉമ്മച്ചിക്കു നിര്‍ബന്ധമായിരുന്നു.ഞങ്ങളുടെ കൈകളിലൊക്കെ ഉമ്മച്ചിയുടെ കൈകൊണ്ടു തന്നെ മൈലായഞ്ചിണിയിക്കണമെന്നതും. എല്ലാം സ്വയം ചെയ്താലേ ഉമ്മച്ചിയ്ക്ക് തൃപ്തിയാകൂ

പെരുന്നാളിന്,ഒരാഴ്ച മുന്നേ തന്നെ മൈലാഞ്ചി തേടിയുള്ള അലച്ചിലാണ്, ഇടവഴി വക്കിലും വേലിപ്പൊന്തയിലുമെല്ലാം അന്ന് ധാരാളം മൈലാഞ്ചിചെടികള്‍ ഉണ്ടാകും. മൈലാഞ്ചി കമ്പോടെ ഒടിച്ചെടുത്ത് വെയിലത്തുണക്കാനിടും. രണ്ടാം ദിവസമാകുമ്പോഴേക്ക് ഇലകള്‍ കമ്പില്‍ നിന്നടര്‍ന്നു വീഴും.ഉണങ്ങിയ മൈലാഞ്ചിയില ഉരലിലിട്ട് ഇടിച്ചു പൊടിയാക്കും.





പിന്നെ സുഖമുള്ളൊരു കാത്തിരിപ്പാണ്,പള്ളിയില്‍ നിന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ക്കു വേണ്ടി. വിദുരങ്ങളീല്‍ നിന്ന് തക്ബീര്‍ ഒഴുകിയെത്തുന്നതോടെയാണ്, എല്ലാവരും പെരുന്നാളുറപ്പിക്കുന്നത്, അതോടെ അടുക്കള സജീവമാകും. പലഹാരങ്ങളുടെയും മസാലക്കൂട്ടുകളുടേയും മനം നിറയ്ക്കുന്ന ഗന്ധമുയരും.



അടുക്കള്യിലെ തിരക്കൊടുങ്ങുന്നതും കാത്ത് ഞങ്ങള്‍ അക്ഷമയോടെ കാത്തിരിക്കും. ഉമ്മച്ചിയുടെ വരവിള്ള കാത്തിരിപ്പ്. ഉമ്മച്ചിയെത്തിയാലേ മൈലാഞ്ചിയിടാന്‍ തുടങ്ങൂ.



ആദ്യം മുറ്റത്തിന്റെ മൂലയ്ക്ക് കല്ലേടുത്തു വച്ചൊരു അടുപ്പു കൂട്ടും. ചക്ക വെളഞ്ഞി ഉരുക്കാന്‍ . വെളഞ്ഞിയുരുക്കുന്നത് പൊട്ടിയ മണ്‍ ചട്ടിയിലാണ്, അത് വൈകുന്നേരം തന്നെ ഉമ്മച്ചി തേടിപ്പിടിച്ചു വച്ചിരിക്കും.ചക്കക്കാലത്ത് തന്നെ വെളഞ്ഞി ഒരു കമ്പില്‍ ചിറ്റി ഓരോ വീട്ടിലും സൂക്ഷിക്കുന്ന പതിവുണ്ട്. പെരുന്നാളിനു മൈലാഞ്ചിപ്പുള്ളി കുത്താനാണത്.

ഉരുക്കിയ വെളഞ്ഞി ഈര്‍ക്കില്‍ കൊണ്ടു തോണ്ടീയെടുത്ത് കൈവെള്ളയില്‍ പുള്ളി കുത്തും....കൂടെ ഒരമ്പിളിക്കലയും ഒരു നക്ഷത്രവും.ഉരുകിയ വെളഞ്ഞിക്ക് ഹൃദയഹാരിയായ മണമാണ്,



കൂട്ടത്തില്‍ പ്രായം കുറഞ്ഞ കുട്ടിക്കാണ്, ആദ്യം മൈലാഞ്ചിയിടുക. ഞാന്‍ മൂത്തയാളായത്തു കൊണ്ട് എന്റെ ഊഴമാകുമ്പോഴേക്ക് രാത്രി വളരെ വൈകിയിട്ടുണ്ടാകും.ഉമ്മച്ചിക്കു ഉറക്കം വന്നു തുടങ്ങിയിരിക്കും. അതുകൊണ്ടു തന്നെ ഉരുകിയ വെളഞ്ഞിയുടെ വലിയ കട്ടകള്‍ വീണു എന്റെ കൈ പലപ്പോഴും

പൊള്ളുകയും ചെയ്യും., വെളഞ്ഞിപ്പുള്ളികള്‍ക്കു മേലെ മൈലാഞ്ചി കട്ടിയില്‍ പൊതിയും. പിന്നെ പായ വിരിച്ചൊരു കിടപ്പാണ്, കുട്ടികളെല്ലാരും ഒരുമിച്ച്.



നേരം വെളുക്കുമ്പോഴേക്ക് കൈകളില്‍ മാത്രമല്ല അടുത്തു കിടന്നവരുടെ മുഖത്തും വെള്ളക്കുമ്മായം തേച്ച ചുമരിലും പലപ്പോഴും മൈലാഞ്ചിച്ചിത്രങ്ങള്‍ വിരിഞ്ഞിട്ടുണ്ടാകും.



രാവിലെ വീണ്ടും ആകാംക്ഷയുടെ നിമിഷങ്ങളാണ്, ഉണങ്ങിപ്പിടിച്ച മൈലാഞ്ജിയും വെളഞ്ഞിയും വെളിച്ചെണ്ണ തൊട്ട് തുടയ്ക്കും...മൈലാഞ്ചിയുടെ കടുത്ത വര്‍ണ്ണത്തിനിടയ്ക്ക് പെരുന്നാള്‍ പിറ പോലെ വെളുത്ത പൊട്ടുകള്‍.



ഉമ്മച്ചി ഒരോ മൈലാഞ്ചിക്കൈക്കളും മൂഖത്തോടടുപ്പിക്കും...എന്നിട്ട് പതുക്കെപ്പറയും.........ഇതാണ്, പെരുന്നാളിന്റെ മണം.



അന്ന് പെരുന്നാള്‍ രാവുന്‍ കൈകളില്‍ വിരിയുന്ന മൈലാഞ്ചിപ്പൂക്കള്‍ക്കു ഒരുമയുടേയും സൌഹൃദത്തിന്റെയും വാല്‍സല്യത്തിന്റേയും പങ്കു വെയ്ക്കലിന്റേയും നിറമായിരുന്നു,എല്ലാ മനസുകളും ഒന്നായി മാറുന്ന കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ ആഘോഷക്കാലം. ഒരായിരം നാവുകളില്‍ നിന്ന് ഒരേ താളത്തില്‍ തക്ബീര്‍ ധ്വനികളുയരുന്ന സമത്വത്തിന്റെ പെരുന്നാള്‍ രാവുകള്‍.



ഞങ്ങളുടെ കൈകളിലൊക്കെ മൈലാഞ്ചിപ്പൂക്കള്‍ വിരിയിച്ച ഒരു പെരുന്നാള്‍ക്കാലത്താണ്, ഉമ്മച്ചിയെ ഞങ്ങള്‍ക്ക് നഷ്ടമായതും. നാട്ടിടവഴിയിലെ മൈലാഞ്ചി മരങ്ങള്‍ ഇല്ലാതായെങ്കിലും എന്റെ ഒരോ പെരുന്നാളിനും ഉമ്മച്ചിയുടെ മണമാണ്, ഒരിക്കലും ഒളിമങ്ങാത്ത മൈലാഞ്ചിച്ചിത്രങ്ങളുടെ മനം നിറയ്ക്കുന്ന അതേ മണം.

19.10.10

കാത്തിരിപ്പ്

ഇന്നും നീയെന്റെ കിനാവിന്റെ പാതയില്‍


കത്തി നില്‍ക്കുന്നൊരു സൂര്യനായി

രാഗവും വിരഹവും പിന്നിട്ട വഴികളില്‍

ഇരുളില്‍ തെളിയുന്ന താരമായി





അന്നു നാം പിരിയുന്ന നേരത്തു നീ ചൊല്ലി

നിന്റെ വഴികളില്‍ പൂ വിരിയും

നിന്റെയാകാശത്ത് എന്നും മഴവില്ല്

നിന്റേതു മാത്രമായ് പൂത്തു നില്‍ക്കും





ചുട്ടു പൊള്ളുന്നൊരീ ഗ്രീഷ്മത്തിനപ്പുറം

പൂക്കാലം നിന്റേതു മാത്രമാകും

പ്രളയത്തിനക്കരെ നിന്നാത്മ തീരത്ത്

കളിയോടമെന്നുമൊരുങ്ങി നില്‍ക്കും





അന്നു നീ ചൊല്ലിയ യാത്രാമൊഴികളാല്‍

കസവിട്ട കനവിന്നു ചിതയൊരുക്കി

കാലത്തിന്‍ പാച്ചിലില്‍ ദിശ തെറ്റിപ്പിരിയുന്ന

വര്‍ണങ്ങളില്ലാത്ത നിഴലുകള്‍ നാം





മറവിയുടെ മാറാല തൂങ്ങാത്ത സ്മൃതികളായ്

ഇനിയും പരസ്പരം പങ്കുവെയ്ക്കാം

പ്രണയാര്‍ദ്രമേതോ ഗസലിന്റെയീണമായ്

നിന്നുള്ളില്‍ ഞാനെന്നും പെയ്തിറങ്ങാം





നിന്നിലായ് വറുതിയുടെ ചുടു കാറ്റടിക്കുമ്പൊള്‍

കുളിര്‍ മഴ പെയ്യിച്ചു ഞാനുറക്കാം

ഇനിയുമൊരു ജന്‍മത്തിന്‍ പൂമരക്കൊമ്പിലായ്

അന്നും നമുക്കൊരു കൂടൊരുക്കാം





നിന്റെ ഹൃദയത്തിലൊരു ചെറു വിരല്‍ തൊടാന്‍

ഇത്തിരിയിടം നീയെനിക്കായ് കരുതുക

നിന്‍ കരള്‍ത്തുമ്പിലായ് എന്‍ ചുണ്ടു ചേര്‍ക്കുവാന്‍

നമ്മളായ് മറുവാന്‍ കാത്തിരിക്കാം

23.9.10

സാഹിറ

ചിറക് നനഞ്ഞ്


പറക്കാനാകാത്ത

പൂമ്പാറ്റയെ

കൈയിലെടുത്ത്

കണ്ണില്‍ കടലേറ്റു വാങ്ങി

വിതുമ്പി നില്‍ക്കുന്ന

അവളെ

നാലാം ക്ലാസിന്റെ

വരാന്തയില്‍ വച്ചാണ്

ആദ്യമായി കണ്ടത്



************************



മഴയ്ക്കെതിരെ

ചരിച്ചു പിടിച്ച

കുടയുമായി

കുപ്പിവളക്കിലുക്കങ്ങള്‍ക്കൊപ്പം

പൊട്ടിച്ചിരിച്ച്

പിന്നെ

സ്കൂള്‍ മുറ്റത്തെ

പൂവാകച്ചോട്ടിലെ

കളിക്കൂട്ടത്തില്‍



**********************

ഇമയനക്കങ്ങള്‍ കൊണ്ട്

കവിതയെഴുതി

പുഞ്ചിരിയാല്‍

നിലാവു പരത്തി

കസവു തട്ടത്തില്‍

അത്തറു പൂശി

കൈവെള്ളയില്‍

മൈലാഞ്ചിപ്പൂക്കള്‍

വിരിയിച്ച്

സ്വപ്നങ്ങള്‍

പൂത്തിറങ്ങുന്ന

കല്യാണ രാത്രിയില്‍



***********************



ദ്രവിച്ച നഖങ്ങളില്‍

സഹനത്തിന്റെ ചായം

തേച്ച്

കരി പിടിച്ച ചിരിയുമായി

നിലം പറ്റിച്ചേര്‍ന്നൊരു

പഴഞ്ചൂല്‍ക്കെട്ടു പോലെ

അടുക്കള മുറ്റത്തെ

ചപ്പിലക്കൂമ്പാരത്തിനരികെ

9.7.10

പൊട്ടിത്തെറി

എല്ലാക്കാര്യത്തിലും
അതീവ ശ്രദ്ധാലുവായിരുന്നു
അവള്‍
അയാള്‍ പന്തലിലെത്തിയപ്പോള്‍
എത്ര ശ്രദ്ധയോടെയാണവള്‍
തല കുനിച്ചത്

മുറ്റമടിച്ചതും
പാത്രങ്ങള്‍
തേച്ചു വെളുപ്പിച്ചതും
 തറ തുടച്ചതും
കിടക്ക വിരിച്ചതുമെല്ലാം
ശ്രദ്ധയോടെ തന്നെ

അവള്‍ കൂട്ടു വന്ന ശേഷം
അയാളുടെ കുപ്പായങ്ങള്‍
ചുളിഞ്ഞിട്ടേയില്ല
അയാള്‍ക്ക്
ജലദോഷം
പിടിച്ചിട്ടേയില്ല
കറികളിലൊന്നും
ഒരു തരി ഉപ്പും
അധികമായില്ല

വാരിയെല്ലു തുളച്ച്
തൊട്ടിലു കെട്ടി
എത്ര ശ്രദ്ധയോടെയാണവള്‍
കൂടെക്കൊണ്ടു നടന്ന്
കുഞ്ഞുങ്ങളെ ഉറക്കിയത്

ചില്ലുപാത്രങ്ങളൊന്നും
കയ്യില്‍ നിന്ന്

വീണുടഞ്ഞിട്ടേയില്ല
ഒരു ഉറുമ്പെങ്കിലും
അവളുടെ കണ്ണു വെട്ടിച്ച്
പഞ്ചസാര ഭരണിയുടെ
ഏഴയലത്ത്
വന്നില്ല

കാക്കയ്ക്ക്
തേങ്ങാപൂളു കൂടി
കൊത്തിപ്പറക്കാനായില്ല
മീന്‍ മണമടിച്ചാലും
പൂച്ച
അവളെപ്പേടിച്ച്
അടുക്കളപ്പുറത്തേക്ക്
വരാറേയില്ല

എന്നിട്ടുമാരാന്
അടുക്കള മൂലയിലെ
ഗ്യാസ് സിലിണ്ടര്‍
അവളറിയാതെ
തുറന്നു വിട്ടത്?


         ഷീജ.സി.കെ

8.7.10

മുദ്രാവാക്യം

വക്കിടിഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ
ഞരമ്പു പൊട്ടിമരിച്ച
ഹൃദയം
അകലെ,
ഉയിര്‍ത്തെഴുന്നേല്‍പിന്റെ
തത്വശാസ്ത്രം
ഉറക്കെപ്പാടുന്ന
പുകയുന്ന
വാക്കുകള്‍



                      ഷീജ.സി.കെ

6.7.10

ദാനം

എനിക്കു നീ തന്ന


ചിത്രത്തിലെ കറുപ്പ്

എന്റെ മരണത്തെ

കുറിയ്ക്കുന്നു

വര്‍ണങ്ങളെ സ്നേഹിക്കുന്ന

നിനക്ക്

മരണനാന്തരം

ഞാനെന്റെ കണ്ണുകള്‍ തരാം

പലര്‍ക്കായി പകുത്തു

നല്‍കാന്‍

എന്റെ കരളും

പക്ഷേ......

ഇതു വരെ

നീ

സൂക്ഷിച്ച

എന്റെ ഹൃദയം

നിന്റെ

കൈയൊപ്പിട്ട്

എനിക്കു

തിരിച്ചു തരണം

12.6.10

മലയാള കവിതയിലെ മഴച്ചിത്രങ്ങള്‍




                            തകര്‍ത്തു പെയ്യുന്ന പേമാരിയായും കുളിരുകോരുന്ന അനുഭൂതിയായും കളിപ്പിക്കുന്ന കുസൃതിയായും മഴ വ്യത്യസ്തയാകുന്നു. കാലഘടങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ മഴ, മാറുന്ന ഭാവങ്ങളുടെ വിസ്മയമാകുമ്പോള്‍, മഴച്ചൊല്ലുകളിലൂടെ, മഴക്കവിതകളിലൂടെ അത് അരുമയായി മനസ്സില്‍ പെയ്തിറങ്ങുന്നു.മഴയ്ക്ക് ഓരോ തവണയും ഓരോ ഭാവങ്ങളാണ്.ആ ഭാവങ്ങള് കവിതയിലുലാവുമ്പോള്‍ അവ വരച്ചിടുന്ന ചിത്രങ്ങള്‍ അത്ഭുതങ്ങളുടെ നിറച്ചാര്‍ത്തണിയുന്നു.

        ചിണുങ്ങിപ്പെയ്യുന്ന മഴ നാടന്‍ പെണ്കുട്ടിയുടെ ഭാവത്തിലാണെങ്കില്‍, തിമിര്‍ത്തു പെയ്യുന്ന മഴ അസുര ഭാവം പൂണ്ട് തകര്‍ത്തടുന്നു. മഴയുടെ ഈ ലാവണ്യവും ഗാംഭീര്യവും വന്യതയും വശ്യതയുമെല്ലാം വാമൊഴി സാഹിത്യത്തിലും വരമൊഴി സാഹിത്യത്തിലും വിരസതയുണര്‍ത്താതെ പെയ്തലിഞ്ഞു കൊണ്ടിരിക്കുന്നു.

                കര്‍ഷകന്റെ വേപഥുവായി,പെണ്‍കിടാവിന്റെ പ്രണയമായി,കുഞ്ഞിന്റെ കളിക്കോപ്പഅയി,അമ്മയുടെ വേവലാതിയായി,പ്രകൃതിക്കു വസന്തമായി
വാര്‍ദ്ധക്യതിന്റെ നൊമ്പരമായി മഴ വരികളില്‍ നിറയുന്നു.പൊട്ടിച്ചിതറുന്ന ഓരോ മഴത്തുള്ളിയും പ്രകൃതിയുടെ സൌഭാഗ്യമാണ്.പുതുമഴയഉടെ ഗന്ധം ഓരോ മലയളിയിലും ഗൃഹാതുരതയുടെ നിറമുള്ള ഓര്‍മകളുണര്‍ത്തുന്നു.മഴയോടും മഴക്കാലത്തോടുമുള്ള സ്നേഹം തന്നെയാണ് മഴക്കവിതകളോടും മലയാളിക്കും മലയാളത്തിനുമുള്ളത്.

                 മഴ മലയാളിക്കു ആര്‍ദ്രമായ അനുഭൂതികളുണര്‍ത്തുന്ന അനുഭവമാണ്. ഈ മഴയെ മലയാള സാഹിത്യം ഏറെ ലാളിച്ചു വളര്‍ത്തിയിട്ടുമുണ്ട്.മലയാള കവികളെ മഴ/മഴക്കാലം ഏറെ ആഴത്തില്‍ തന്നെയാണ് സ്വാധീനിച്ചിട്ടുള്ളത്.മനുഷ്യ ജീവിതത്തിലെ എല്ലാ ഭാവങ്ങളെയും അവസ്ഥകളേയും മഴ എന്ന ബിംബത്തിലൂടെ അവതരിപ്പിക്കാനും കവികള്ക്കു സാധിച്ചിട്ടുണ്ട്.അത്തരമൊരു ഉദ്യമതിന്റെ മഴച്ചാല്‍ നീന്തിയപ്പോള്‍ കണ്ട ചില ചിത്രങ്ങള്‍ മഴവില്ലൊളി വിതറുന്നവയാണ്.                                
       
         

               മഴയെക്കുറിച്ചുള്ള നമ്മുടെ ഓര്‍മകള്‍ തുടങ്ങുന്നത് ഒരു പക്ഷേ കുട്ടിക്കാലത്ത് അമ്മ പാടിത്തന്ന ഈ വരികളില് നിന്നു തന്നെയാവില്ലേ.

"തുള്ളിക്കൊരു കുടമെന്ന മഴ
തുള്ളിത്തുള്ളി വരുന്ന മഴ
കൊള്ളാമീമഴ കൊള്ളരുതീ മഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ

മലയാളത്തിന്റെ കുട്ടിത്തമായ കുഞ്ഞുണ്ണി മാഷിന്റെ വരികളാണിവ.

എത്രയെത്ര കാലഭേദങ്ങള്‍, എത്രയെത്ര ഭാവപ്പകര്ച്ചകള്‍. ഓരോ മാനസികാവസ്ഥയ്ക്കും അനുയോജ്യമായ ഭാവങ്ങള് കൈക്കൊണ്ട് മഴ എന്നും നമ്മോടൊട്ടി നില്ക്കുന്നു.

ബാല്യതിന്റെ കുസൃതി മഴയിലേയ്ക്ക് ബാലാമണീയമ്മ നമ്മെ കൈ പിടിച്ചു നടത്തുന്നതിങ്ങനെയാണ്

"അമ്മേ വരൂ വരു വെക്കം
വെളിയിലേയ്ക്ക,ല്ലെങ്കിലിമ്മഴ
തോര്‍ന്നു പോമേ
എന്തൊരാഹ്ലാദമാമുറ്റത്തടിക്കടി
പൊന്തുന്ന വെള്ളതില്‍ തത്തിച്ചാടാന്‍"


            കാറ്റിനൊപ്പം ചാഞ്ഞു പെയ്യുന്ന മഴയില്‍ ഉര്‍ര്ന്നു വീഴുന്ന മാമ്പഴം പെറുക്കാന്‍ ആമോദത്തോടെ ഓടിയണയുന്ന കിടാങ്ങളെക്കുറിച്ചു വൈലോപ്പിള്ളി

"മേലേ മോദാല്‍ കാറ്റു കുലുക്കിടുമ്പോള്
പുത്തന്‍ മഴത്തുള്ളികളോടു കൂടി
ഉതിര്‍ന്നു വീഴും നറു മാമ്പഴങ്ങ-
ളോടിപ്പെറുക്കുന്നിതിളം കിടാങ്ങള്‍"
                                                                                             (വര്‍ഷാഗമം)


                 മഴ കൊണ്ടു വരുന്ന വറുതി ദിനങ്ങളുടെ വേവലാതി ഗിരീഷ് പുത്തന്ചേരിയുടെ ജീവിതക്കാഴ്ചകളിലിങ്ങനെയാണ്
"കറുത്ത വാവിലെ
കടലല്‍ത്തിരക്കൊപ്പം
കുരച്ചു ചാടുന്നു
കനത്ത രാമഴ"
                                       ***************************
ഇനിയും കര്‍ക്കടകം വരും
നമുക്കെന്നും വറുതിയും
തീരാ ദുരുതവും തരാന്‍"
                                                                                         (കര്‍ക്കടകം)

               കത്തിപ്പടര്‍ന്ന ഗ്രീഷ്മകാലത്തിനപ്പുറം ഭൂമിയെ ഉര്‍വരയാക്കുന്ന മഴ അയ്യപ്പപ്പണിക്കരുടെ പേനത്തുമ്പില്‍ നിന്ന് ചിണുങ്ങിപ്പെയ്യുന്നതിങ്ങനെയാണ്
"ഒരു മഴ പെയ്തു
ഭൂമി കിളിര്‍ത്തു
ഒരു കതിര് നീണ്ടു
ഭൂമി പൊലിച്ചു
ഒരുമയൊടായിരമമര മനസ്സുകള്‍
ഒരു പുതു ഗാനമുയര്ത്തി
അവ പല പല ചെവികളിലെത്തി"
                                                                                     (ഒരു മഴ പെയ്തു)

                  വിരഹത്തിന്റെ തീഷ്ണത പ്രണയ കാലത്തിന്റെ തീച്ചുവരില്‍ ഒ.എന്.വി കുറിച്ചിടുന്നതിങ്ങനെയാണ്

"രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര് കാറ്റിലിലച്ചാര്ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്ത്തുള്ളി തന് സംഗീതം
ഹൃത്തന്ത്രികളില് പടര്ന്ന നേരം"


                     ഒരു മഴക്കാലത്ത് ആരോടും ഒന്നും പറയാതെ തന്റെ കവിതകളെയെല്ലാം ഉറക്കിക്കിടത്തി ഒറ്റക്കു യാത്ര പോയ ഷെല്‍വിയുടെ അക്ഷരങ്ങളില് ഒറ്റപ്പെട്ടവന്റെ വേദന മഴയില് കുതിര്ന്ന അനുഭവമാണു വായനക്കാര്ക്കു തൊട്ടറിയാന് സാധിക്കുന്നത്.

"ഒരിക്കലും ഞാനുണ്ടായിരുന്നില്ല
മഴ എന്റെ പേരെഴുതിയിരുന്നില്ല
മഴ എന്റെ പേര് മായ്ച്ചതുമില്ല
എങ്കിലും മഴ പെയ്തുകൊണ്ടേയിരുന്നു"


              ചുമ്മാതെ കേണും ചിരിച്ചും പെയ്യുന്ന രാത്രി മഴയെ തന്റെയൊപ്പം നിര്ത്തിയ സുഗതകുമാരി ടീച്ചര് ഞാനും രാത്രിമഴയെപ്പോലെയെന്നു തെല്ലു വേദനയോടെ മന്ത്രിക്കുന്നു.

"അറിയുന്നതെന്തു കൊണ്ടെന്നോ സഖീ
ഞാനുമിതുപോലെ
രാത്രി മഴപോലെ"
                                                                                  (രാത്രിമഴ)

          മഴക്കാലമെത്തുമ്പോള് ഭൂമി ഒരു നവോഢയെപ്പോലെ ഉടുത്തൊരുങ്ങുന്നതിന്റെ തെളിവുകളാണ് പി.കുഞ്ഞിരാമന് നായര് നിരത്തുന്നത്.

"എണ്ണ കണ്ടു മാമലകള്
പണക്കാരായ് പറമ്പുകള്
മരുന്നു വച്ചു മുറികള് കെട്ടി
വെട്ടേറ്റ കാടൂകള്

കുടിക്കാന് കഞ്ഞിയില്ലാത്ത
കുന്നുകള്ക്കു സുഭിക്ഷമായ്
ഉടുക്കാന് തുണിയില്ലാത്ത
പുഴകള്ക്കിന്നു സാരിയായ്"

           മഴയുടെ വ്യത്യസ്ത തലങ്ങ്ളെ സച്ചിദാനന്ദന് മഴയുടെ നാനാര്ത്ഥങ്ങളില് ആവിഷ്കരിക്കുന്നു. ജീവിതത്തിലെ ലോലവും തീവ്രവുമായ ഭാവങ്ങളാണ് ഈ കവിത അനാവരണം ചെയ്യുന്നത്.

            പെറ്റമ്മയുടെ കണ്ണീരിനൊപ്പം ഒരു ജന്മം മുഴുവനും തോരാതെ പെയ്യുന്ന മഴയെ യുവകവി റഫീഖ് അഹമ്മദ് ഇങ്ങനെ വരച്ചിടുമ്പോള് വായനക്കാരന്റെ കണ്ണിറകളിലും മഴക്കോളിരമ്പുന്നു.

"ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്
ഉമ്മ പുറത്തു തനിച്ചു നില്ക്കെ
പെട്ടെന്നു വന്നു പെരുമഴ, ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞു ചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു
പള്ളിപ്പറമ്പിലായ് പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലേ നിവര്ത്തിവച്ചു
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ-
ട്ടിന്നോളമാമഴ തോര്ന്നുമില്ല."
                                                                                             (തോരാമഴ)

                മലയാളത്തിലെ സുപ്രസിദ്ധങ്ങളായ ചലച്ചിത്ര ഗാനങ്ങളിലും മഴയുടെ നിറ സാന്നിദ്ധ്യമുണ്ട്.
പ്രണയമണിത്തൂവല് പൊഴിയും പവിഴമഴ.............

മഴപെയ്തു മാനം തെളിഞ്ഞ നേരം...................

തുലാവര്ഷമേ വാ വാ...............

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം..............

വര്ഷ മേഘമേ-തുലാവര്ഷമേഘമേ..............

മഴയുള്ള രാത്രിയില്‍.......

                                       ഇവയുടെ പട്ടികയിങ്ങനെ അനന്തമായി നീളുന്നു.
മലയാള ഭാഷയുറ്റെ ഉല്പത്തി മുതല്ക്കിങ്ങോട്ട് പുതു കവികളുടെ ഭാവനയ്ക്കു വരെ മണ്ണും അകാശവുമാകാന് മഴയ്ക്കു സാധിച്ചിട്ടുണ്ട്.അങ്ങനെ വാല്സല്യവും കുസൃതിയും പ്രണയവും വിരഹവും ഏകാന്തതയും പിണക്കവും ഇണക്കവും പകയുമെല്ലാം കവിതകളിലൂടെ  ഒരു മഴനൂലു പോലെ ഓരോ ഹൃദയത്തിലും തിമിര്ത്തു പെയ്യുന്നു. മഴ, ചെളി തെറിപ്പിക്കുന്ന കളിക്കൂട്ടുകാരനായും ചിണുങ്ങിക്കരയുന്ന പൈതലായും വള കിലുക്കി ഇടവഴിയോരത്ത് കാത്തു നില്ക്കുന്ന പ്രണയിനിയായും തരാട്ടു പാടുന്ന അമ്മയായും കവികളുടെ കൂടെ നില്ക്കുന്നു. മഴയുടെ സ്വരങ്ങള്‍ അവരുടെ കാല്ച്ചുവട്ടില് കിലുങ്ങി വീണ് ആസ്വാദനത്തിന്റെ പുതുവഴികള്‍ നന്യ്ക്കുന്നു.

ഷീജ.സി.കെ

28.5.10

മടക്കം







ഇതളുകള്‍
നീല്‍കമലിനും
നറുമണം
റോയല്‍ മിറാഷിനും
നിറം
അപെക്സ് അള്‍ട്ടിമയ്ക്കും
ഒസ്യത്തെഴുതി വച്ചാണത്രേ
പൂക്കാലം പോയത്

നെഞ്ചകം പൊള്ളി
പുതച്ചു കിടന്ന
ഇടവപ്പാതിക്ക്
തൊണ്ട നനയ്ക്കാന്‍
ഒരു ബോട്ടില്‍
മിനറല്‍ വാട്ടറും
സമ്മാനിച്ച്
 മഴക്കാലവും
  പോയത്രേ



കുലുക്കി വീഴ്ത്താന്‍
പുല്ലാനിപ്പൂക്കളും
വിടര്‍ന്നു ചിരിക്കാന്‍
കണ്ണാന്തളിയുമില്ലാത്തതു കൊണ്ട്
ഇനി വരില്ലെന്നു

കാറ്റും പറഞ്ഞുവത്രേ


                                     ഷീജ.സി.കെ














                                                                         
                                                              
















































                                                         
                                                          

20.5.10

പാഠങ്ങള്‍

ഒന്ന്




കാറ്റിനൊപ്പം
ചാഞ്ഞു പെയ്ത
മഴയെ മുറിച്ചു കടന്നാണ്
പ്രണയത്തിന്റെ
ആദ്യ പാഠം
നീയെന്നെ പഠിപ്പിച്ചത്



രണ്ട്

തെളിഞ്ഞ
മേഘക്കീറില്‍
കണ്ണുകള്‍ കൊണ്ട്
ചിത്രമെഴുതാനും
കണ്ണീരു കൊണ്ടു
നിറംചാര്‍ത്താനും
എന്നെ പഠിപ്പിച്ചതും
നീയാണ്.





മൂന്ന്


കലങ്ങി നിറഞ്ഞ
ഒഴുക്കിലാണ്
തുഴയില്ലാത്ത
തോണിയിലിരുത്തി
നീയെന്നെ
തുഴയാന്‍
പഠിപ്പിച്ചതും

22.4.10

നീ പറഞ്ഞത്

ഒരു പൂ പൊഴിയുന്നത്
മറ്റൊന്നു വിരിയാനാനെന്നും
ഒരു കായ് പൊട്ടുന്നത്
ഒരു തൈ മുളക്കാനാണെന്നും
ഒന്നിന്റെ ഒടുക്കം
മറ്റൊന്നിന്റെ തുടക്കമാണെന്നും
നീയെന്നോടു
പറഞ്ഞിരുന്നു.

പ്രണയകാലത്തിന്റെ
തീച്ചുമരിലെഴുതിയ
ചിത്രപടത്തിലെ
നിറം മങ്ങിയെന്നു
നീയെന്നോടു
പറഞ്ഞിരുന്നോ?

24.3.10

ഒരു ഐ ടി കവിത

മഴ പെയ്തു തോര്‍ന്ന
രാത്രിയില്‍
ആകാശച്ചെരുവില്‍
തെളിയാതെ തെളിയാതെ
നക്ഷത്രം പറഞ്ഞു
നിന്റെ കൈവിരലുകള്‍
കീ ബൊര്‍ഡില്‍
ചലിക്കുമ്പോള്‍
വിന്‍ഡോകള്‍ തുറക്കുന്നു
മൌസിന്റെ നീക്കങ്ങള്‍ക്കൊത്ത്
വര്‍ണങ്ങള്‍ വിസ്മയം തീര്‍ക്കുന്നു
നെറ്റില്‍ ബ്രൌസ് ചെയ്ത്
ഡൌണ്‍ലോഡ് ചെയ്തവയെല്ലം
എന്റേതു മാത്രമാണ്




എന്റെ സ്വപ്നങ്ങള്‍
ഞാന്‍ നിനക്കു മെയില്‍ ചെയ്യാം
അതു നിന്നില്‍ ഡിലീറ്റു
ചെയ്യാനാവാത്ത
അനുഭൂതിയുണര്‍ത്തും
അനിമേഷനുകള്‍ നിന്നെ
അത്ഭുതപ്പെടുത്തും

എന്നാലും
നിന്റെ മനസിലേക്കുള്ള
ലിങ്കുകള്‍
ഏതു സൈറ്റിലാണു
ഞാന്‍ സെര്‍ച്ചു ചെയ്യേണ്ടത്





എഴുതിയത്: ഷീജ.സി.കെ

17.3.10

നീ പറഞ്ഞത്

ഒരു പൂ പൊഴിയുന്നതു
മറ്റൊന്ന് വിരിയാനാണെന്നും
ഒരു കായ് പൊട്ടുന്നത്
ഒരു തൈ മുളക്കാനാനെന്നും
ഒന്നിന്റെ ഒടുക്കം
മറ്റൊന്നിന്റെ തുടക്കമാണെന്നും
നീയെന്നോടു പറഞ്ഞിരുന്നു
പ്രണയകാലത്തീന്റെ
തീച്ചുമരിലെഴുതിയ
ചിത്രപടത്തിലെ
നിറം മങ്ങിയെന്നു
നീയെന്നോടു പറഞ്ഞിരിന്നോ?

ജീവിതം

http://www.google.co.in/ജീവിതം ഇങ്ങനെയാണ്
ഓളങ്ങളില്‍ ചാഞ്ചാടി
ഒഴുകിയൊഴുകി
അവസാനാം
കരയെത്തുമ്പൊഴേക്കും
നനഞ്ഞു കുതിര്‍ന്ന്
ആത്മാവു നഷ്ടപ്പെട്ട്
അങ്ങനെയങ്ങനെ.................


ജീവിതം ഇങ്ങനെയാണ്
തടവിലാക്കപ്പെട്ടവന്റെ
അവകാശ സമരം പോലെ
മോചനം കാത്ത്
മുദ്രാവാക്യം മുഴക്കി
ഒടുക്കം
കൈ മാറി സഞചരിച്ച്
അനാഥമാകുന്ന
ഒരു നീണ്ട
ദയാഹരജി



എഴുതിയത്: ഷീജ.സി.കെ

10.3.10

ആവലാതി

                                           ഒന്നും പറയാനില്ല-
                                           പിഞ്ഞിക്കീറിയ
                                           സ്വപ്നത്തിന്റെ
                                           നൂലിഴകലില്‍
                                           ബന്ധിച്ചതിന്-



                                           ജീവിതം വേവുന്ന
                                           അടുപ്പിലിട്ട്
                                           എന്നെ
                                           കറുപ്പിച്ചതിന്-


                                         യാത്രക്കൊടുവില്‍
                                         കാലില്‍ പൊടിഞ്ഞ
                                         ചോരത്തുള്ളിയാലെങ്കിലും
                                         നെറുകയില്‍
                                         സിന്ദൂരം
                                         ചാര്‍ത്താത്തതിന്


എഴുതിയത്: ഷീജ.സി.കെ

9.3.10

ചോക്കു പൊടി

                                             കല്ലിനും
                                                   വിരലിനുമിടയില്‍
ഞെരിഞ്ഞമര്‍ന്ന്
അക്ഷരമെഴുതി,
ചിത്രം വരച്ച്
കൂട്ടിയും കുറച്ചും,
ചിതറി വീണ്
പങ്കിട്ടു പകുക്കാനാകാത്ത
സ്നേഹ സാമ്രാജ്യത്തിന്റെ
ഭൂപടം തീര്‍ത്ത്
വെറും നിലത്ത്....
പിന്നെ.........
കൂട്ടുകാരിയുടെ കവിളില്‍
കുസ്രുതിയുടെ
കോപ്പിവരകളിട്ടങ്ങനെ....


എഴുതിയത്: ഷീജ.സി.കെ

പറഞ്ഞതും പറയാത്തതും


പുഴുവിനെക്കുറിച്ചു പറയുമ്പോഴേ
നീയൊരു പൂമ്പാറ്റയാകും
പൂവിനെക്കുറിച്ച് ഓര്‍ക്കുമ്പോഴേ
നീ പൂക്കാലം ചമയ്ക്കും
കണ്ണീരിനെക്കുറിച്ചു
നിന്നോടു പറയാതതു
നീ
പ്രളയം തീര്‍ക്കുമെന്നു
പേടിച്ചിട്ടാണ്.

എഴുതിയത്:                 ഷീജ.സി.കെ

7.3.10

ഹോം വര്‍ക്ക്

ഉടഞ്ഞ കലം
ചിതറിയ വറ്റ്
കര്‍ക്കിടകത്തിലെ
കിണറു പോലെ
അമ്മയുടെ നിറഞ്ഞ
കണ്ണുകള്‍ 
നോക്കൂ ടീച്ചര്‍
ഇതാണെന്റെ വീട്.

എഴുതിയത്: ഷീജ.സി.കെ

28.2.10

അമ്മ

                     














മഴ നിലച്ചാലും
മാമരം പെയ്യുന്നതിന്റെ
ദിവ്യാനുഭൂതി     

എഴുതിയത്:         ഷീജ.സി.കെ



               

27.2.10

ശാപം

പണ്ട്, 
ഇരട്ട വരയ്ക്കുള്ളില്‍ 
അക്ഷരങ്ങളെ
പൂട്ടിയിട്ടതുകൊണ്ടാവാം
നീര്‍ത്താനാവാത്ത വിധം 
തലവരയിങ്ങനെ
വളഞ്ഞു പോയത്

26.2.10

സമ്മാനം

എന്റെ കണ്ണിലായിരുന്നു
എന്നും നീ നിന്നെ കണ്ടിരുന്നത്
നിന്റെ കണ്ണില്‍
ഞാനെന്നെയും
എന്റെ മുഖം മാത്രം കണ്ടു കണ്ടു
നിന്റെ മുഖം മറക്കാനായിരിക്കും
നീയെനിക്കൊരു കണ്ണാടി തന്നത്
എങ്കിലും സുഹൃത്തേ,,
ഓര്‍മകളുടെ കൂടാരത്തിലിരുന്നു
ഞാന്‍ വരച്ചു ചേര്‍ത്ത
ചിത്രങ്ങള്‍ക്കൊക്കെയും
നിന്റെ ഛായയാണ്

25.2.10

തീ

കരളിലെരിയുന്ന തീ പകര്ന്നാണ്
അവളെന്നും അടുപ്പെരിക്കുന്നത്

പകരം

മണിനാദം നിലക്കാത്ത

വസന്തകാലതെക്കുരിച്ചു

പാടാന്‍എനിക്കൊരു

വീണക്കമ്പി തരിക

മുത്ത്‌പതിച്ച കിനാവിന്റെ

കണ്ണാടി പകരം തരാം