പേജുകള്‍‌

9.7.10

പൊട്ടിത്തെറി

എല്ലാക്കാര്യത്തിലും
അതീവ ശ്രദ്ധാലുവായിരുന്നു
അവള്‍
അയാള്‍ പന്തലിലെത്തിയപ്പോള്‍
എത്ര ശ്രദ്ധയോടെയാണവള്‍
തല കുനിച്ചത്

മുറ്റമടിച്ചതും
പാത്രങ്ങള്‍
തേച്ചു വെളുപ്പിച്ചതും
 തറ തുടച്ചതും
കിടക്ക വിരിച്ചതുമെല്ലാം
ശ്രദ്ധയോടെ തന്നെ

അവള്‍ കൂട്ടു വന്ന ശേഷം
അയാളുടെ കുപ്പായങ്ങള്‍
ചുളിഞ്ഞിട്ടേയില്ല
അയാള്‍ക്ക്
ജലദോഷം
പിടിച്ചിട്ടേയില്ല
കറികളിലൊന്നും
ഒരു തരി ഉപ്പും
അധികമായില്ല

വാരിയെല്ലു തുളച്ച്
തൊട്ടിലു കെട്ടി
എത്ര ശ്രദ്ധയോടെയാണവള്‍
കൂടെക്കൊണ്ടു നടന്ന്
കുഞ്ഞുങ്ങളെ ഉറക്കിയത്

ചില്ലുപാത്രങ്ങളൊന്നും
കയ്യില്‍ നിന്ന്

വീണുടഞ്ഞിട്ടേയില്ല
ഒരു ഉറുമ്പെങ്കിലും
അവളുടെ കണ്ണു വെട്ടിച്ച്
പഞ്ചസാര ഭരണിയുടെ
ഏഴയലത്ത്
വന്നില്ല

കാക്കയ്ക്ക്
തേങ്ങാപൂളു കൂടി
കൊത്തിപ്പറക്കാനായില്ല
മീന്‍ മണമടിച്ചാലും
പൂച്ച
അവളെപ്പേടിച്ച്
അടുക്കളപ്പുറത്തേക്ക്
വരാറേയില്ല

എന്നിട്ടുമാരാന്
അടുക്കള മൂലയിലെ
ഗ്യാസ് സിലിണ്ടര്‍
അവളറിയാതെ
തുറന്നു വിട്ടത്?


         ഷീജ.സി.കെ

8.7.10

മുദ്രാവാക്യം

വക്കിടിഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ
ഞരമ്പു പൊട്ടിമരിച്ച
ഹൃദയം
അകലെ,
ഉയിര്‍ത്തെഴുന്നേല്‍പിന്റെ
തത്വശാസ്ത്രം
ഉറക്കെപ്പാടുന്ന
പുകയുന്ന
വാക്കുകള്‍



                      ഷീജ.സി.കെ

6.7.10

ദാനം

എനിക്കു നീ തന്ന


ചിത്രത്തിലെ കറുപ്പ്

എന്റെ മരണത്തെ

കുറിയ്ക്കുന്നു

വര്‍ണങ്ങളെ സ്നേഹിക്കുന്ന

നിനക്ക്

മരണനാന്തരം

ഞാനെന്റെ കണ്ണുകള്‍ തരാം

പലര്‍ക്കായി പകുത്തു

നല്‍കാന്‍

എന്റെ കരളും

പക്ഷേ......

ഇതു വരെ

നീ

സൂക്ഷിച്ച

എന്റെ ഹൃദയം

നിന്റെ

കൈയൊപ്പിട്ട്

എനിക്കു

തിരിച്ചു തരണം