പേജുകള്‍‌

13.3.11

മാര്‍ച്ച്...................നീ വീണ്ടും യാത്രയാകുന്നു

             പരിഭവങ്ങള്‍, ഏറ്റുപറച്ചിലുകള്‍, മാപ്പിരക്കല്‍, ഓര്‍മപ്പെടുത്തലുകള്‍,  
കണക്കു സാറിന്റെ പിച്ചലിന്റെ നീറ്റല്‍, ഹിന്ദി റ്റീച്ചറുടെ ചീത്ത 
പറച്ചിലിന്റെ ചമ്മല്‍, മലയാളം ടീച്ചറുടെ സ്നേഹ വാത്സല്യം, പിന്നെ അങ്ങേ
പറമ്പില്‍ നിന്ന് കട്ടു പറിച്ച നെല്ലിക്കയുടെ ചവര്‍പ്പും പുളിപ്പും 
വെള്ളിയാഴ്ചകളില്‍ മാത്രം സൈക്കിളില്‍ വന്നെത്തുന്ന ഐസുകാരന്റെ നീല 
നിറമുള്ള പെട്ടിയിലെ പാലൈസിന്റെ തണുപ്പ്, സ്കൂളിലേക്കുള്ള വഴിയിലെ
കശുമാന്തോപ്പിലെ പുല്‍പരപ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന വെള്ളയും
വയലറ്റുമിടകലര്‍ന്ന കണ്ണാന്തളിപ്പൂങ്കുലകള്‍, പാറയിടുക്കിലെ ഇത്തിരി
മണ്ണില്‍ അ ല്‍പമൊരഹങ്കാരത്തോടെ ചന്ദന നിറത്തിലുള്ള പൂങ്കുലയുമായി
തലയുയര്‍ത്തി നില്‍ക്കുന്ന ഇലമുളച്ചിച്ചെടികള്‍, തെച്ചിപ്പൂക്കള്‍,
ഇടവഴിയവസാനിക്കുന്നിടത്ത് മുള്ളുവേലിയില്‍ ഞെരിഞ്ഞമര്‍ന്നും ഞങ്ങള്‍ക്ക്
പൂ പൊഴിച്ചു തരുന്ന കൂറ്റന്‍ ഇലഞ്ഞി മരം, ഉണ്ണിമാങ്ങയ്ക്ക്
കല്ലെറിയുമ്പോഴേക്ക് വായ നിറയെ തെറിപ്പാട്ടുമായി ചൂലുമെടുത്ത് ഞങ്ങളുടെ
പിന്നാലെ കൂനിക്കൂനിയോടുന്ന ചിരുതമ്മ...........കെട്ടിയിട്ട ആടിനോടും
പശുവിനോടും വാ തോരാതെ സംസാരിക്കുന്ന സുകുമാരി,  
 മൂക്കറ്റം കള്ളു കുടിച്ച് ഇന്ദിരാ ഗാന്ധിയെ പുലഭ്യം പറയുന്ന
ചന്ദ്രേട്ടന്‍, വഴിയില്‍ വച്ചു കാണുമ്പോഴൊക്കെ നിറഞ്ഞ വാത്സല്യത്തോട
മാറിലേക്കു ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ ഉമ്മ വെയ്ക്കുന്ന, തിളങ്ങുന്ന
മൂക്കുത്തിയിട്ട മാണിയമ്മ
..................ഗേറ്റിലേക്ക് ചാഞ്ഞു നില്‍ക്കുന്ന വെള്ളയും പിങ്കും
കലര്‍ന്ന കടലാസ് പൂക്കള്‍ , സന്ധ്യക്ക് മാത്രം വിരിയുന്ന, പിറ്റേന്ന്
രാവിലെയാകുമ്പോഴേക്ക് ഇളം റോസ് നിറമാകുന്ന പൂക്കളുടെ നനുത്ത ഗന്ധവും
നിലാവും ആശ്ലേഷത്തിലമരുന്ന മുകള്‍ നിലയിലെ എന്റെ മുറി.........നിലാവ്
നോക്കി ഉറങ്ങാതെ കിടന്ന രാത്രികള്‍, നിനയ്ക്കാത്ത നേരത്ത് പെയ്യുന്ന
വേനല്‍ മഴത്തുള്ളികളുടെ സ്പര്‍ശം.............മഴക്കാറ്റിന്റെ  ഇരമ്പിയാര്‍ക്കല്‍


              അങ്ങനെ എത്രയെത്ര മണങ്ങളാണ്, എത്രയെത്ര രുചികളാണ്, എത്രയെത്ര
വര്‍ണങ്ങളാണ്, വീണ്ടും ഈ ഓര്‍മപ്പുസ്തകം ഇന്നെനിക്കു തന്നത്.........ഒരുപാട്
 കാലത്തിനു ഒരുപാട് ഇന്നാണ്, എന്റെ പഴയ പുസ്തകക്കൂട്ടത്തില്‍ നിന്ന് ഞാനിത് തെരെഞ്ഞെടുത്തത്.....മഞ്ഞ വെല്‍വെറ്റു ചട്ടയില്‍ ചുവന്ന റോസാപ്പൂവുള്ള എന്റെ
ഓട്ടോഗ്രാഫ്................







                                           * * * * * * * 

              വിദ്യാലയങ്ങളിലും കലാലയങ്ങളിലും മാര്‍ച്ച് പരീക്ഷാച്ചൂടിന്റെ കാലമാണ്. കനത്ത സിലബസുകളുടേയും ഇന്‍റ്റേണല്‍ അസസ്മെന്റുകളുടേയും പ്രാക്റ്റിക്കല്‍ പ്രീക്ഷകളുടേയും കടമ്പകള്‍ ചാടിക്കടക്കാനുള്ള തത്രപ്പാടുകളുടെ കൂടെ ക്ലാസ് മുറിയിലും ഹോസ്റ്റല്‍ മുറിയിലും വര്‍ഷങ്ങള്‍ ഒരുമിച്ചു ജീവിച്ചവരുടെ വഴിപിരിയലിന്റേയും മാസം......



                        സ്കൂളിനു മുന്നിലെ ചെറു കടകളില്‍ എത്തുന്ന നിറപ്പകിട്ടുള്ള ചട്ടകളുള്ള ഓട്ടോഗ്രാഫ് കാണുമ്പോഴാണ്, വേര്‍പിരിയലിന്റെ വേവലാതി ദൂരെനിന്നൊഴുകിയെത്തുന്ന ശോകഗാനം പോലെ മസിലേയ്ക്ക് നൂണിറങ്ങുന്നത്.



                   പിന്നെയുള്ള ഏക ലക്ഷ്യം നല്ലൊരു ഓട്ടോഗ്രാഫ് വാങ്ങുകയെന്നതാണ്. ഓര്‍മപ്പുസ്തകത്തില്‍ എഴുതുന്നവരെ ആദ്യ പേജില്‍ തന്നെ മനോഹരമായ കൈയക്ഷരം കൊണ്ട് സ്വാഗതം ചെയ്യും. ഏറ്റവും ഇഷ്ടമുള്ള അധ്യാപരുടെ അനുഗ്രഹം അക്ഷരങ്ങളില്‍ വരച്ചിടാനായി സ്റ്റാഫ് റുമിലേക്കൊരു യാത്രയുണ്ട്....പിന്നെയത് കൈമാറി സഞ്ചരിച്ചു കൊണ്ടേയിരിക്കും, ഒന്നാം ക്ലാസ് മുതല്‍ ഒരേ ബഞ്ചിലിരിക്കുന്ന കൂട്ടികാരിയുടെ, എപ്പൊഴോ തോന്നിയ പ്രണയം പറയാതെ പോയ കൂട്ടൂകാരന്റെ , എപ്പോഴും കളിയാക്കുകയും പുതിയ പട്ടുപാവാടയുടുത്ത് സ്റ്റൈലില്‍ വന്ന ദിവസം ചെളിവെള്ളം തെറിപ്പിക്കുകയും ചെയ്ത സ്കൂളിലെ ഏറ്റവും വികൃതിയായ കുട്ടിയുടെ, അരക്കൊല്ലപ്പരീക്ഷയ്ക്ക് രണ്ടാം റാങ്കുകാരിയയായിപ്പോയതില്‍ അസൂയ മൂത്ത് കുറേക്കാലം പിണങ്ങി നടന്നവളുടെ...........യാത്രയപ്പു യോഗങ്ങളും ഗ്രൂപ്പ് ഫോട്ടോയെടുക്കലും യാത്ര പറച്ചിലും കരച്ചിലുമൊക്കെ കഴിയുമ്പോഴേക്കും ഓട്ടോഗ്രാഫ് തിരിചു കൈയിലെത്തും.


                                                          * * *



                            കോളേജ് കാലത്തെ മാര്‍ച്ച് മാസത്തിനു പലപ്പോഴും വിഷാദത്തിന്റെ
മഞ്ഞഛായയാണ്, തെരെഞ്ഞെടുപ്പും സമരങ്ങളും ആര്‍ട്സ് ഡേയുമൊക്കെക്കൊണ്ട് ആരവങ്ങളുയരുന്ന ക്യാമ്പസില്‍ മാര്‍ച്ച് മാസം സൃഷ്ടിക്കുന്നത് വേര്‍പിരിയലിന്റെ , വഴിപിരിയലിന്റെ വേവും ചൂടുമാണ്.ചീമുട്ടയുടെ മണമുള്ള കെമിസ്ട്രി ലാബിലും ബുദ്ധിജീവികളുടെ ഒളിത്താവളമായ ലൈബ്രറിയിലും മാര്‍ച്ച് വിരിച്ചിടുന്നത് വിഷാദത്തിന്റെ കനത്ത കരിമ്പടമാണ്.കാന്റീനിലേയും ഐസ്ക്രീം പാര്‍ലറിലേയും മേശയ്ക്കു ചുറ്റും പൊഴിഞ്ഞു വീഴുന്നത് ഇനിയൊരിക്കലും ഇങ്ങനെ ഒന്നിച്ചിരിക്കാനാവില്ലെന്ന തിരിച്ചറിവിന്റെ വിങ്ങലാണ്.



                       പരിവര്‍ത്തന രാഷ്ട്രീയവും വിപ്ലവാധിഷ്ഠിത വിദ്യാഭ്യാസവുമെല്ലാം ഉറക്കെ പ്രസംഗിക്കുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍ പോലും ചാട്ടുളി പ്രയോഗങ്ങള്‍ മറന്ന് മുദ്രാവാക്യങ്ങളിലൂടെയുംചുവരെഴുത്തുകളിലൂടെയും എതിരാളികള്‍ക്കു നേരെ നടത്തിയ തെറിയഭിഷേകങ്ങള്‍ക്ക് ക്ഷമാപണം നടത്തി കെട്ടിപ്പിടിച്ച് യാത്ര പറയുന്ന വൈകാരിക നിമിഷങ്ങള്‍.........

         പെയ്തൊഴിയാത്ത പ്രണയം പാതി വഴിയിലുപേക്ഷിച്ചു പോകുന്ന കമിതാക്കള്‍, ഗേറ്റിനരികില്‍ വന്നു നില്‍ക്കുന്ന ബസിലേക്കു കയറുമ്പോഴും ഒന്നു കൂടി തിരിഞ്ഞു നിന്ന് നിറ കണ്ണുകളോടെ അവസാന യാത്ര പറയുന്ന ഹോസ്റ്റലിലെ സഹമുറിക്കാരി........



                    അങ്ങനെ നെരൂദയും ഖലീല്‍ ജിബ്രാനും ഷെല്ലിയും കീറ്റ്സും കാളിദാസനും എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരുമൊക്കെ ക്ലാസ് മുറികളില്‍ അനാഥരാകുന്ന മാര്‍ച്ച് മാസം. കോറിഡൊറും നീളന്‍ വരാന്തകളുമെല്ലാം പൊഴിഞ്ഞു വീണ നേര്‍ത്ത സ്വപ്നങ്ങളുടെയും സൌഹൃദങ്ങളുടെയും തൂവലുകളാള്‍ നിറയുന്ന മാര്‍ച്ച് മാസം.........നിറങ്ങളില്ലാതെ,പൊട്ടിച്ചിരികളില്ലാതെ, വളകിലുക്കങ്ങളും കളിതമാശകളുമില്ലാത്ത മാര്‍ച്ച് മാസത്ത്ലെ ക്യാമ്പസ് ..........കാല്‍പനികമായഒരു വിഷാദ ഗാനത്തിന്റെ ഈരടിപോലെയാകുന്നു. 



                                ****************************



      സര്‍ക്കാര്‍ സര്‍വീസില്‍ അദ്ധ്യാപികയായത്തിനു ശേഷമുള്ള മാര്‍ച്ച് മാസങ്ങള്‍ക്ക് നീണ്ട കാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്നവരുടെ അസ്വാസ്ത്ഥ്യങ്ങളുടെ , അണുകുടുംബത്തല്‍ ഒറ്റയാകുന്നവരുടെ, ഇനിയും പരിഹരിക്കാനാവാത്ത-ഏറ്റെടുക്കേണ്ട കുടുംബ പ്രാബ്ധങ്ങളുടെ പുക മണമാണ്.



                                                         ***



                                       എങ്കിലും മാര്‍ച്ച്........നീ വീണ്ടും യാത്രയാക്കുമ്പോള്‍ തിരിച്ചെടുക്കാനാകാത്ത ഒരു പിടി നല്ല ഓര്‍മകള്‍ സമ്മാനിച്ച കലാലയ മുറ്റത്ത് ഞാന്‍ മറന്നു വച്ച എന്റെ മനസ് വീണ്ടും നൊമ്പരപ്പെടുന്നു. മഞ്ഞപ്പൂക്കള്‍ നിറയെ വിരിയാറുള്ള, കവാടത്തിനരികിലെ മരത്തില്‍ ഞങ്ങള്‍ കൊത്തി വച്ച പേരുകള്‍ ഇപ്പോഴും അവിടെയുണ്ടായിരിക്കും...ഒരിക്കലും മായാതെ







7 അഭിപ്രായങ്ങൾ:

Pranavam Ravikumar പറഞ്ഞു...

Nice one..! I went back to my days. That brought a lumpsum of memories which I got in me till the end. My wishes.

jwaala പറഞ്ഞു...

thanks for ur valuable comment

എറക്കാടൻ / Erakkadan പറഞ്ഞു...

കടവല്ലൂര്‍ എന്ന് പറയുന്നതു പെരുമ്പിലാവ് കടവല്ലൂര്‍ അല്ലെ...എന്റെ അനിയത്തി ഇപ്പോള്‍ അവിടെ പഠിക്കുന്നുണ്ട് ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വരികള്‍ വ്യക്തമായ ചിത്രം മനസ്സില്‍ പകര്‍ന്നു തരുന്നുണ്ട്.
എഴുത്തിന്റെ മേന്മതന്നെ അതെന്നു നിസ്സംശയം പറയാം.
ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal...............

സമീരന്‍ പറഞ്ഞു...

നല്ല കുറിപ്പ് ഷീജാ..

reny ayline പറഞ്ഞു...

നന്നായിട്ടുണ്ട്