ആ സൗഹൃദം ഈ 'ഒസ്യത്തി'നും മീതെ
റസാഖ് പയമ്പ്രോട്ട്
മണിക്കുട്ടന്‍ എന്നുമാത്രം വിളിച്ചുശീലിച്ച എസ് ആര്‍ രവീന്ദ്രന്‍ യാത്രയായത് 2020 ആഗസ്റ്റ് നാലിനാണ്.
2009 ജനുവരി 29ന് മണിക്കുട്ടന്‍ എഴുതിയ 'ഒസ്യത്ത്' പൂര്‍ണമാകുന്നത് 'ഓര്‍മ്മകള്‍? അരുത് ഓര്‍മ്മിക്കരുത്' എന്നോര്‍മ്മപ്പെടുത്തിയാണ്.
എല്ലാം മണ്ണില്‍ സമര്‍പ്പിക്കപ്പെട്ടാല്‍ പിന്നെന്തിന് ഓര്‍മ്മിക്കപ്പെടണം എന്നതാണ് മണിക്കുട്ടന്‍ എഴുതിപ്പതിച്ച ഒസ്യത്തിന്റെ പൊരുള്‍. സര്‍ഗരസങ്ങള്‍ ഉള്‍പ്പടെ ഉള്ളതെല്ലാം വീതിച്ചുനല്‍കുന്നുമുണ്ട് കവി.
എന്റെ ദുഃഖമെല്ലാം
സുഹൃത്തുക്കള്‍ക്കും
സ്‌നേഹമെല്ലാം
ബന്ധുക്കള്‍ക്കും
നല്‍കാവുന്നതാണ്.
പ്രണയം കാമുകര്‍ക്കും
കാമം കാമിനിക്കും
സ്വപ്നം എല്ലാവര്‍ക്കും
ക്രോധം കവിക്കും
ശൃംഗാരം നര്‍ത്തകര്‍ക്കും
ഭയം ഭീരുക്കള്‍ക്കും
ശരീരം അഗ്നിക്കും
നല്‍കുക.
മോഹങ്ങള്‍
ദേഹത്തോടൊപ്പം
ചിതയില്‍ വയ്ക്കുക.
ശേഷം?
ശേഷമെല്ലാം
ഈ മണ്ണിന്.
ചാമ്പലും എല്ലും
എല്ലാം.
ഓര്‍മ്മകള്‍?
അരുത്
ഓര്‍മ്മിക്കരുത്.
(കവിത: ഒസ്യത്ത്)
ഒരുദേശത്തിന്റെ സര്‍ഗ്ഗസംഭാവനകളാണ് സാംസ്‌കാരിക വസന്തമായി അറിയപ്പെടുന്നത്. അക്ഷരങ്ങള്‍ ആര്‍ജ്ജിച്ചതുമുതല്‍ കോറിയിടപ്പെട്ടത് പകര്‍ത്തും പിന്നെയും പകര്‍പ്പെടുത്തും തലമുറകളിലേക്ക് കൈമാറിയെത്തിയതോടെയാണ് ഈ കരങ്ങളേതായിരുന്നു എന്നുനാം അന്വേഷിച്ചുതുടങ്ങിയത്. സര്‍ഗ്ഗപ്രകടനങ്ങളാല്‍ ജീവിതം അടയാളംവച്ചുകടന്നുപോയവര്‍ ഓര്‍മ്മിക്കപ്പെടുക തന്നെചെയ്യും.
ഒരു 'ഒസ്യത്ത്' പോലും ഓര്‍മ്മിക്കപ്പെടുന്നത് അതൊരു സര്‍ഗ്ഗപ്രതിഫലനമായത് കൊണ്ടാണ്. ദേശവും ഇതിനോട് കടപ്പെട്ടിരിക്കുന്നു. വസിക്കുന്ന ഭൂമിക വളര്‍ച്ചയ്ക്ക് സഹായകമാണ്. പാരമ്പര്യവും പൈതൃകവുമൊക്കെ അവകാശപ്പെടാന്‍ ഇന്നലെകള്‍ വേണം. ചരിത്രാതീതകാലങ്ങളില്‍ നിന്നും ഭിന്നമായി ചരിത്രകാലത്ത് ഒട്ടുമിക്കതും രേഖപ്പെടുത്തപ്പെട്ടതാണ്. രേഖപ്പെടുത്തലുകളില്‍ വൈവിധ്യങ്ങളും ചിലപ്പോള്‍ വൈരുദ്ധ്യങ്ങളും കണ്ടെത്താമെങ്കിലും രേഖപ്പെടുത്തപ്പെട്ടവ അതെഴുതിയവര്‍ മണ്‍മറഞ്ഞെങ്കിലും അതിന് ഒരാധികാരികതയുണ്ട്. മറ്റെല്ലാം തെളിയിക്കേണ്ടത് ഓരോന്നിന്റെയും സവിശേഷത വിലയിരുത്തിക്കൊണ്ടാണ്.
കൊണ്ടോട്ടിയുടെ ദേശപ്പെരുമയിലാണ് മണിക്കുട്ടനും ജനിച്ചതും ജീവിച്ചതും. ബാല്യവും കൗമാരവും ഒരു പക്ഷേ, പുളിക്കലിന് മാത്രമായിരുന്നെങ്കിലും യൗവ്വനവും അര്‍ദ്ധവാര്‍ദ്ധക്യവുമെല്ലാം അഥവാ അകാലത്തില്‍ പൊഴിയുന്നതുവരേയും മണിക്കുട്ടന്‍ കൊണ്ടോട്ടിയുടെ നിറസാന്നിധ്യമായിരുന്നു. അതിനാല്‍ കൊണ്ടോട്ടി എന്ന വിശാലമായ കാന്‍വാസില്‍ ഓര്‍മ്മകള്‍ വരച്ചിടുന്നതാവും മണിക്കുട്ടനിഷ്ടം.
കൊണ്ടോട്ടിയുടെ സര്‍ഗ്ഗാത്മക പാരമ്പര്യത്തോട് ചേര്‍ന്നുനില്‍ക്കുകയായിരുന്നു ചെങ്ങന്നൂരുകാരന്‍ ജി രാഘവന്‍പിള്ള മാസ്റ്റരുടെ മകന്‍ എസ് ആര്‍ രവീന്ദ്രന്‍ എന്നുഅത്യാവശ്യക്കാര്‍ക്കുമാത്രമായി സമ്മതിച്ചുകൊടുക്കാമെങ്കിലും ഏറനാടിന്റെ നൈര്‍മല്യം മനസ്സില്‍ സൂക്ഷിച്ച മലബാറുകാരനായിരുന്നു നാം അറിയുന്ന മണിക്കുട്ടന്‍. അദ്ദേഹം ജനിച്ചതും വളര്‍ന്നതും ജീവിച്ചതും ഒടുവില്‍ അലിഞ്ഞു ചേര്‍ന്നതും മലബാറിലെ കൊണ്ടോട്ടിയുടെ (താലൂക്ക്) മണ്ണില്‍.
പാട്ടിനുപേരുകേട്ട നാടാണ് കൊണ്ടോട്ടി. ജനതതിയില്‍ മഹാഭൂരിപക്ഷവും മാപ്പിളമാരായിരുന്നതിനാല്‍ താളത്തിലും മാപ്പിളത്തമുണ്ടായപ്പോള്‍ അത് മാപ്പിളപ്പാട്ടായി. നാടോടിസംസ്‌കാരത്തിന്റെ തുടര്‍ച്ചയായ നാടന്‍പാട്ടും നാടന്‍കലകളും മാപ്പിളമാരുടെ മനസ്സുകളിലൂടെ കയറിയിറങ്ങിയപ്പോള്‍ അത് ആസ്വാദകഹൃദയങ്ങളില്‍ മാപ്പിളപ്പാട്ടും മാപ്പിളകലകളുമായി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മഹാകവി മോയിന്‍കുട്ടി വൈദ്യരിലൂടെ ആ കാവ്യാംശം മാപ്പിളപ്പാട്ടുകളുടെ വൈവിധ്യങ്ങളായി പ്രണയവും പോരുമൊക്കെ ചേരുന്ന വിധം ആസ്വദിക്കപ്പെട്ടു. അതിന് കൊണ്ടോട്ടിയില്‍ തുടര്‍ച്ചയുമുണ്ടായി. പതിനെട്ടാം നൂറ്റാണ്ടില്‍ കൊണ്ടോട്ടിയില്‍ എത്തിച്ചേര്‍ന്ന മുഹമ്മദ്ഷാ വലിയതങ്ങളില്‍ തുടങ്ങുന്ന ദേശചരിതവും കൊണ്ടോട്ടിക്കുണ്ട്.
തൃശൂര്‍ ജില്ലയിലെ ഓട്ടുപാറയില്‍ നിന്നും തങ്ങള്‍ കുടുംബത്തിലേക്ക് ഗൃഹചികിത്സകനായി വന്നുചേര്‍ന്ന ഉണ്ണിവൈദ്യര്‍ ഉണ്ണിമോയിന്‍കുട്ടി വൈദ്യരായതും ഉണ്ണിമോയിന്‍കുട്ടി വൈദ്യര്‍ക്ക് ഉണ്ണിമമ്മദ് വൈദ്യര്‍ എന്ന മകനിലൂടെ മോയിന്‍കുട്ടി പിറന്നതും അങ്ങനെ ഉണ്ണിമോയിന്‍കുട്ടിവൈദ്യരുടെ ചെറുമകന്‍ ജീവിച്ച നാല്പതുകൊല്ലംകൊണ്ടുതന്നെ എക്കാലവും ലോകം സ്മരിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യരായതുമാണ് (1852-1892) കൊണ്ടോട്ടിയുടെ കാവ്യപാരമ്പര്യമെന്നും ഇവിടെ സ്മരിക്കുന്നു.
കൊണ്ടോട്ടി തങ്ങള്‍ കുടുംബത്തിലെ ഇശ്തിയാഖ്ഷാ ഒന്നാമന്റെ മകന്‍ ആശിഖ് അലിഷാ, കൊണ്ടോട്ടി തക്കിയക്കല്‍ പള്ളിഖാസിയായിരുന്ന മുസ്‌ലിയാരകത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ആലുങ്ങല്‍ ചെറിയഹസ്സന്‍, മോയിന്‍കുട്ടി വൈദ്യരുടെ പിതാവ് ഉണ്ണിമമ്മദ് വൈദ്യര്‍, നെച്ചിമണ്ണില്‍ കുഞ്ഞിക്കമ്മു മാസ്റ്റര്‍, കമ്പളത്ത് ഗോവിന്ദന്‍നായര്‍, കോട്ടക്കുന്നന്‍ മുഹമ്മദ് എന്ന പുലവര്‍ മുഹമ്മദ്, മഠത്തില്‍ അബ്ദുല്‍ഖാദര്‍, കുണ്ടുകാവില്‍ മുസ്സക്കുട്ടിമൊല്ല, എം വി മുഹമ്മദ്, നിമിഷകവി തോട്ടോളി മുഹമ്മദ്, പാലക്കല്‍ നൂറന്‍ അഹമ്മദ്കുട്ടി എന്ന അയമുട്ട്യാപ്പ, മധുവായി മോയിന്‍കുട്ടി, കെ എ കെ കൊണ്ടോട്ടി എന്ന പേരിലറിയപ്പെട്ട കെ അഹമ്മദ്കുട്ടി, മോയിന്‍കുട്ടി വൈദ്യരുടെ മകന്‍ അഹമ്മദ് കുട്ടി വൈദ്യര്‍, പാട്ടുകെട്ടി പേരുകേട്ട കരുമ്പുലാക്കല്‍ ഫാത്തിമ തുടങ്ങിയവരോടൊപ്പം എ ടി തങ്ങള്‍, കെ ടി വല്യണ്ണി, മഠത്തില്‍ കുട്ടിഹസ്സന്‍, മധുവായി ഉമ്മര്‍, ടി എ ശിവരാമന്‍, ഹംസകയനിക്കര, ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, മുസ്തഫ മുണ്ടപ്പലം എന്നിങ്ങനെ ആ പട്ടിക നീളുകയാണ്. കാവ്യസംഭാവനകള്‍ മാത്രമായി ചേര്‍ക്കപ്പെടാന്‍ പേരുകള്‍ ഇനിയുമുണ്ട്. മണിക്കുട്ടന്‍ എന്ന എസ് ആര്‍ രവീന്ദ്രന്‍ ഈ പട്ടികയിലും ഉള്‍പ്പെടുന്നു.
കെ കെ മുഹമ്മദ് അബ്ദുല്‍കരീം എന്ന ചരിത്രകാരന്‍ കാലൂന്നിനിന്ന ദേശവുമാണ് കൊണ്ടോട്ടി. 'മഹത്തായ മാപ്പിളസാഹിത്യപാരമ്പര്യം' എന്ന കൃതിയിലൂടെ ഒരു ജനതയുടെ പിന്നിട്ട ഇന്നലെകള്‍ രേഖപ്പെടുത്തിയത് കരീം മാഷ് എന്ന് പരക്കെ വിളിക്കപ്പെടുന്ന കെ കെ മുഹമ്മദ് അബ്ദുല്‍ കരീം മാസ്റ്ററാണ്. പത്രപ്രവര്‍ത്തനപാരമ്പര്യത്തില്‍ കൊണ്ടോട്ടിയുടെ സ്വന്തമാണ് വാസം കിഴിശ്ശേരി ആലിന്‍ചുവട്ടില്‍ ആയിരുന്നെങ്കിലും റഹീം മേച്ചേരി. കെ വി കെ ഏറനാടന്‍ എന്ന പ്രാദേശിക പത്രപ്രവര്‍ത്തകന്റെ സാന്നിധ്യവും ഈ പ്രദേശം അറിഞ്ഞിരുന്നു. ചിത്രം, കഥ, നോവല്‍ നാടക-ചലച്ചിത്രമേഖലകളിലും കൊണ്ടോട്ടി അടയാളപ്പെടുമ്പോള്‍ അവിടെയും എസ് ആര്‍ രവീന്ദ്രനെ കാണാം.
ടി എ റസാഖ്-ടി എ ഷാഹിദ് സഹോദരങ്ങള്‍ മലയാളചലച്ചിത്രമേഖലയില്‍ ഉന്നതവിതാനത്തിലുണ്ടായിരുന്ന കാലം സിനിമാസ്വാദകര്‍ മറക്കില്ല. മലയാളസിനിമയുടെ ഏറ്റവും താരമൂല്യമുള്ള രണ്ടുതിരക്കഥാകൃത്തുക്കളാണ് അകാലത്തില്‍ പൊലിഞ്ഞത്. നാടകാനുഭവങ്ങളിലൂടെയാണ് രണ്ടുപേരും സിനിമയിലെത്തിയത്. പ്രതിഭയുടെ കരുത്തുകൊണ്ട് ജ്യേഷ്ഠന്‍ ആദ്യം സിനിമയിലെത്തി. ജ്യേഷ്ഠന്റെ ചുവട്‌വച്ച് അനുജനും. കലാമൂല്യമുള്ളസിനിമകളും വാണിജ്യസിനിമകളും ഒരുപോലെ വഴങ്ങുന്നവരായിരുന്നു ഇരുവരും.
കൊണ്ടോട്ടിക്ക് ഒരു സിനിമാപശ്ചാത്തലമുണ്ട്. 1965ല്‍ പുറത്തിറങ്ങിയ 'മുറപ്പെണ്ണ്', 'സുബൈദ' എന്നീ ചിത്രങ്ങള്‍ക്ക് കൊണ്ടോട്ടിയുടെ മണ്ണിനോട് കടപ്പാടുണ്ട്. മുറപ്പെണ്ണിലെ കാളപൂട്ട് ചിത്രീകരിച്ചത് കൊണ്ടോട്ടിയിലായിരുന്നു. ഒരു വ്യാഴവട്ടത്തിനുശേഷം 1978 ഡിസംബര്‍ 12ന് 'പതിനാലാംരാവ്' ചിത്രീകരണമാരംഭിച്ചപ്പോള്‍ അത് കൊണ്ടോട്ടിയുടെ പശ്ചാത്തലം മാത്രമല്ല, പ്രമേയവുമായിരുന്നു.
എം എന്‍ കാരശ്ശേരിയുടെ രചനയില്‍ ശ്രീനി സംവിധാനം ചെയ്ത 'പതിനാലാംരാവ്' സലാം കാരശ്ശേരിയാണ് നിര്‍മിച്ചത്. മലയാളസിനിമയുമായി കൊണ്ടോട്ടിക്കുള്ള ബന്ധത്തിന്റെ ആദ്യ അഭ്രസാക്ഷ്യം എന്നിതിനെ വിശേഷിപ്പിക്കാം. മാപ്പിളസംഗീത പ്രണയചിത്രമായ 'പതിനാലാം രാവ്' പൂര്‍ണമായും കൊണ്ടോട്ടി, അരീക്കോട്, കോഴിക്കോട്, കാരശ്ശേരിഎന്നീ പ്രദേശങ്ങളിലായി 19 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. കൊണ്ടോട്ടി നേര്‍ച്ചയ്‌ക്കെത്തുന്ന അത്തറുവില്പനക്കാരന് ബീഡിതെറുപ്പുകുടുംബത്തിലെ പെണ്‍കുട്ടിയോടു തോന്നുന്ന പ്രണയവും വിരഹവും വേദനയുമെല്ലാം ഏറനാടന്‍കാവ്യാംശങ്ങളോടെ പകര്‍ത്തിയതായിരുന്നു 'പതിനാലാം രാവ്'. 1979ലാണ് ചിത്രം പുറത്തിറങ്ങിയത്.
പതിനാലാം രാവിന്റെ ചിത്രീകരണം കാണാന്‍ അന്ന് പൊരിവെയിലിലും പാതിരാവിലും കൊണ്ടോട്ടിയിലും പരിസരത്തും അലഞ്ഞുനടന്നിരുന്ന ഒരു കൗമാരക്കാരന്‍ പില്‍ക്കാലത്ത് മലയാളസിനിമയുടെ അവിഭാജ്യഘടകമായതിനെപ്പറ്റി 14 വര്‍ഷം മുമ്പ് 2006 ല്‍ ഞാനെഴുതിയിരുന്നു. 'പതിനാലാം രാവിന്റെ പൂര്‍ണതയില്‍ കൊണ്ടോട്ടിയും സിനിമയും' എന്നായിരുന്നു ആ ലേഖനത്തിനു നല്‍കിയ തലക്കെട്ട് എന്നും ഓര്‍ക്കുന്നു. ടി എ റസാഖ്-ടി എ ഷാഹിദ് എന്ന സഹോദര തിരക്കഥാകൃത്തുക്കളെക്കുറിച്ചും അന്നെഴുതിയിരുന്നു.
നാടക രംഗത്ത് കെ ടി സ്വാലിഹ് തങ്ങളും നിറസാന്നിധ്യമായിരുന്നു. ശാസ്ത്രവൈജ്ഞാനിക രംഗത്ത് സജ്ജീവമായിരുന്നു നെച്ചിമണ്ണില്‍ അബൂബക്കര്‍. അകാലത്തില്‍ കടന്നുപോയ സി ആര്‍ ചന്ദ്രന്‍ കഥ, നോവല്‍ എന്നിവയോടൊപ്പം ടെലിവിഷന്‍ സീരിയല്‍ രംഗത്തും മുദ്രപതിച്ച കലാകാരനാണ്. മാപ്പിളപ്പാട്ടും മാപ്പിളകലാരൂപങ്ങളും ഗവേഷണങ്ങള്‍ക്ക് തെരഞ്ഞെടുത്ത കലാകാരനായിരുന്നു അകാലത്തില്‍ ഓര്‍മ്മയായ ഇഖ്ബാല്‍ കോപ്പിലാന്‍.
പാട്ടുപോലെ എഴുത്തും വരയും വഴങ്ങുന്ന വി എം കുട്ടി, എഴുത്തിന്റെ ലോകത്ത് നിറസാന്നിധ്യമായ കെ കെ ആലിക്കുട്ടി, പി ഖാലിദ്, ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍, സിദ്ദീഖ് താമരശ്ശേരി, പി പി ഷാനവാസ്, എ പി അഹമ്മദ്, സലാം തറമ്മല്‍, രാജു വിളയില്‍, രാജേഷ് കിഴിശ്ശേരി, രാജേഷ് മോന്‍ജി, പത്രപ്രവര്‍ത്തകരായ സീതി കെ വയലാര്‍, ബാപ്പുട്ടിമാസ്റ്റര്‍, ലുഖ്മാനുല്‍ ഹക്കീം, അന്‍സാര്‍ (മലയാള മനോരമ), വഹീദുസ്സമാന്‍ (മലയാളം ന്യൂസ്), പി വി ഹസീബുറഹ്മാന്‍ (ചന്ദ്രിക), വിജയകുമാര്‍, കൃഷ്ണാനന്ദ്, എ സുരേഷ്, വിനയന്‍ (മാതൃഭൂമി), അഷ്‌റഫ് കൊണ്ടോട്ടി (സുപ്രഭാതം), ബഷീര്‍ അമ്പാട്ട് (ദേശാഭിമാനി), മുജീബ് (മാധ്യമം), എടക്കോട്ട് മുഹമ്മദ്(സിറാജ്), സത്യന്‍ പുളിക്കല്‍ (വീക്ഷണം), സുരേഷ് നീറാട്, രമേശ് തുടങ്ങിയ നിരയും കൊണ്ടോട്ടിയിലുണ്ട്.
സാംസ്‌കാരിക കൂട്ടായ്മകളും സംഗീതസദസ്സുകളും കൊണ്ടോട്ടിയില്‍ എന്നുമുണ്ട്. കവിപരമ്പരയുടെ കാല്‍പ്പാടുകള്‍ ഓര്‍മ്മിപ്പിക്കും വിധം ദേശം ഇതിവൃത്തമായഗാനങ്ങളും നിരവധി. കൊണ്ടോട്ടിയുടെ സംസ്‌കൃതി അടയാളപ്പെടുത്തുന്ന അത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ഉണര്‍ത്തുന്ന ഗൃഹാതുരത പോറുന്നതായിരുന്നു മണിക്കുട്ടന്‍ എന്ന എസ് ആര്‍ രവീന്ദ്രന്റെ ഇത്തരം സദസ്സുകളിലെ സാന്നിധ്യവും എന്നോര്‍ക്കുന്നു.
''ഈ കണ്ണുകളിലേക്ക് ഒന്നു നോക്കൂ'' എന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരം പ്രാര്‍ത്ഥനയില്‍ തുടങ്ങുന്നു. പ്രാര്‍ത്ഥനയ്ക്ക് ബ്രാക്കറ്റ് ഉത്തരങ്ങളുമുണ്ട്. പ്രാര്‍ത്ഥനയുടെ അടിക്കുറിപ്പും ശ്രദ്ധേയമാണ്.
'എസ് ആര്‍ രവീന്ദ്രന്‍ സംശുദ്ധം ചെയ്തത് - പണ്ഡിതരെല്ലാം രാമായണവും മഹാഭാരതവും ഭാഗവതവും സംശുദ്ധം ചെയ്യുന്ന തിരക്കിലായതിനാലാണ് ഞാന്‍ തന്നെ സംശുദ്ധം ചെയ്തത്' എന്നാണ് അടിക്കുറിപ്പ്.
'പ്രാര്‍ത്ഥന' ഇങ്ങനെയാണ്.
ബ്രാക്കറ്റിലുള്ളത് ദൈവത്തിന്റെ കുറിപ്പുകളാണ് എന്നും കവി ഓര്‍മപ്പെടുത്തുന്നു.
'ഓര്‍മകളുടെ
വിഷം നിറച്ച
മനസ്സിന്
നിര്‍മലമായ
മറവിയുടെ മരുന്ന്
നല്‍കേണമേ (നിങ്ങള്‍ വരിനിന്ന് വാങ്ങുന്നത് മറവിയല്ലേ)
മരുഭൂമിയില്‍
ഈന്തപ്പന തണലിലും
വിയര്‍ക്കുന്ന
മനുഷ്യന്
പ്രണയത്തിന്റെ
നിര്‍മലമായ കുളിര്
നല്‍കേണമേ (കുളിരു പകരുന്ന ചാനലുകള്‍ അതിനല്ലേ)
വെയിലേറ്റ് മഞ്ഞേറ്റ്
മഴയേറ്റ് ദ്രവിക്കുന്ന
പാഴ്മരത്തിന്
കരവിരുതിന്റെ
നിര്‍മലമായ കയ്യൊപ്പ്
നല്‍കേണമേ (പൂതലിക്കുന്നതിന്റെ മുമ്പ് നല്‍കുന്നുണ്ടല്ലോ ഒരു മറവൂര്‍ പാഠം)
നിറവാര്‍ന്നുപൂക്കുന്ന
പൂക്കാലമറിയുവാന്‍
കുരുടന് കാഴ്ചയുടെ
നിര്‍മലമായ വെളിച്ചം
നല്‍കേണമേ (പൂക്കാലം നല്‍കാന്‍ നേഴ്‌സറിയില്‍ക്കൊണ്ട് നിര്‍ത്തിയാല്‍ മതിയല്ലോ)
അരുവിയില്‍
വിയര്‍ക്കുന്ന
മണല്‍ത്തരിക്ക്
തെളിനീരൊഴുക്കിന്റെ
നിര്‍മലമായ നനവ്
നല്‍കേണമേ (സിമന്റ് ചേര്‍ത്തശേഷം നനവ് നല്‍കുന്നുണ്ടല്ലോ)
നമ്മെ നയിക്കുന്ന
അരചര്‍ക്ക് ('മുഴുചര്‍'അല്ല)
വിവേകത്തിന്റെ
നിര്‍മലമായ പാത
നല്‍കേണമേ (അതിവേഗപാത നല്‍കാമല്ലോ)'.
കണ്ണുകളില്‍ നക്ഷത്രമൊളിപ്പിച്ച് ഈ കണ്ണിലേക്ക് ഒന്നുനോക്കൂ എന്ന് സൗഹൃദങ്ങളോടാവശ്യപ്പെട്ട മണിക്കുട്ടന്‍ 'ഓര്‍മ്മകള്‍? അരുത് ഓര്‍മിക്കരുത്' എന്നുമാത്രം പറയരുത്.
ഏറെ കിഴക്കോട്ടുപോയാല്‍, മനുഷ്യഗാഥ, വിദ്യാമാന്ത്രികം, അച്ഛന്‍, കുളിപ്പിച്ച് കുളിപ്പിച്ച്, പുതിയ കളികള്‍, തേസ്‌ഡേ, കടല്‍പ്പാലം, പുരുഷോത്തമം, പൈതൃകയാത്ര, പുതിയകുപ്പിയും പഴയവീഞ്ഞും, പ്രണയകാലം, മദ്ധ്യകാലം, ഓഫീസ് കാലം പിന്നെ, മണിക്കുട്ടന്‍ എഴുതാതെ പോയ വിശ്രമകാലം. അങ്ങനെ ഓര്‍മിക്കാന്‍ ഞങ്ങള്‍ക്കൊരുപാടുണ്ട്. ചിത്രമായും, ചലച്ചിത്രമായും നാടകമായും കവിതയായും കഥകളായും.
മണിക്കുട്ടനുമുമ്പേ മടങ്ങിയ ടി എ റസാഖാണ് എനിക്ക് മണിക്കുട്ടനെ പരിചയപ്പെടുത്തി തന്നത്. നമ്മള്‍ മൂവരും നാടകം പേറിയകാലത്ത്. അതൊരനുഭവമാണ്. സ്‌കൂള്‍ കലോത്സവമത്സരവേദികളില്‍ കുട്ടികള്‍ അരങ്ങിലെത്തിക്കുന്ന നമ്മള്‍ മൂവരുടേയും നാടകങ്ങള്‍. പിന്നീട് വരമാസിക ആരംഭിച്ചപ്പോഴുമണ്ടായ സൗഹൃദം. 1987 ഒക്‌ടോബറില്‍ വരമാസികയുടെ ആദ്യലക്കം മുതല്‍ ഒടുക്കംവരേയും ചിത്രംവരയുടെ ചുമതല. 1997 ജൂണില്‍ എന്റെവിവാഹത്തിന് വരച്ചുതന്ന ചിത്രം. പിന്നെ ഒരുപാടൊരുപാട്.
ക്ഷമിക്കണം, ആ സൗഹൃദം ഈ 'ഒസ്യത്തി'നും മീതെയെന്ന് തന്നെ കുറിക്കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ