പേജുകള്‍‌

24.3.10

ഒരു ഐ ടി കവിത

മഴ പെയ്തു തോര്‍ന്ന
രാത്രിയില്‍
ആകാശച്ചെരുവില്‍
തെളിയാതെ തെളിയാതെ
നക്ഷത്രം പറഞ്ഞു
നിന്റെ കൈവിരലുകള്‍
കീ ബൊര്‍ഡില്‍
ചലിക്കുമ്പോള്‍
വിന്‍ഡോകള്‍ തുറക്കുന്നു
മൌസിന്റെ നീക്കങ്ങള്‍ക്കൊത്ത്
വര്‍ണങ്ങള്‍ വിസ്മയം തീര്‍ക്കുന്നു
നെറ്റില്‍ ബ്രൌസ് ചെയ്ത്
ഡൌണ്‍ലോഡ് ചെയ്തവയെല്ലം
എന്റേതു മാത്രമാണ്




എന്റെ സ്വപ്നങ്ങള്‍
ഞാന്‍ നിനക്കു മെയില്‍ ചെയ്യാം
അതു നിന്നില്‍ ഡിലീറ്റു
ചെയ്യാനാവാത്ത
അനുഭൂതിയുണര്‍ത്തും
അനിമേഷനുകള്‍ നിന്നെ
അത്ഭുതപ്പെടുത്തും

എന്നാലും
നിന്റെ മനസിലേക്കുള്ള
ലിങ്കുകള്‍
ഏതു സൈറ്റിലാണു
ഞാന്‍ സെര്‍ച്ചു ചെയ്യേണ്ടത്





എഴുതിയത്: ഷീജ.സി.കെ

17.3.10

നീ പറഞ്ഞത്

ഒരു പൂ പൊഴിയുന്നതു
മറ്റൊന്ന് വിരിയാനാണെന്നും
ഒരു കായ് പൊട്ടുന്നത്
ഒരു തൈ മുളക്കാനാനെന്നും
ഒന്നിന്റെ ഒടുക്കം
മറ്റൊന്നിന്റെ തുടക്കമാണെന്നും
നീയെന്നോടു പറഞ്ഞിരുന്നു
പ്രണയകാലത്തീന്റെ
തീച്ചുമരിലെഴുതിയ
ചിത്രപടത്തിലെ
നിറം മങ്ങിയെന്നു
നീയെന്നോടു പറഞ്ഞിരിന്നോ?

ജീവിതം

http://www.google.co.in/ജീവിതം ഇങ്ങനെയാണ്
ഓളങ്ങളില്‍ ചാഞ്ചാടി
ഒഴുകിയൊഴുകി
അവസാനാം
കരയെത്തുമ്പൊഴേക്കും
നനഞ്ഞു കുതിര്‍ന്ന്
ആത്മാവു നഷ്ടപ്പെട്ട്
അങ്ങനെയങ്ങനെ.................


ജീവിതം ഇങ്ങനെയാണ്
തടവിലാക്കപ്പെട്ടവന്റെ
അവകാശ സമരം പോലെ
മോചനം കാത്ത്
മുദ്രാവാക്യം മുഴക്കി
ഒടുക്കം
കൈ മാറി സഞചരിച്ച്
അനാഥമാകുന്ന
ഒരു നീണ്ട
ദയാഹരജി



എഴുതിയത്: ഷീജ.സി.കെ

10.3.10

ആവലാതി

                                           ഒന്നും പറയാനില്ല-
                                           പിഞ്ഞിക്കീറിയ
                                           സ്വപ്നത്തിന്റെ
                                           നൂലിഴകലില്‍
                                           ബന്ധിച്ചതിന്-



                                           ജീവിതം വേവുന്ന
                                           അടുപ്പിലിട്ട്
                                           എന്നെ
                                           കറുപ്പിച്ചതിന്-


                                         യാത്രക്കൊടുവില്‍
                                         കാലില്‍ പൊടിഞ്ഞ
                                         ചോരത്തുള്ളിയാലെങ്കിലും
                                         നെറുകയില്‍
                                         സിന്ദൂരം
                                         ചാര്‍ത്താത്തതിന്


എഴുതിയത്: ഷീജ.സി.കെ

9.3.10

ചോക്കു പൊടി

                                             കല്ലിനും
                                                   വിരലിനുമിടയില്‍
ഞെരിഞ്ഞമര്‍ന്ന്
അക്ഷരമെഴുതി,
ചിത്രം വരച്ച്
കൂട്ടിയും കുറച്ചും,
ചിതറി വീണ്
പങ്കിട്ടു പകുക്കാനാകാത്ത
സ്നേഹ സാമ്രാജ്യത്തിന്റെ
ഭൂപടം തീര്‍ത്ത്
വെറും നിലത്ത്....
പിന്നെ.........
കൂട്ടുകാരിയുടെ കവിളില്‍
കുസ്രുതിയുടെ
കോപ്പിവരകളിട്ടങ്ങനെ....


എഴുതിയത്: ഷീജ.സി.കെ

പറഞ്ഞതും പറയാത്തതും


പുഴുവിനെക്കുറിച്ചു പറയുമ്പോഴേ
നീയൊരു പൂമ്പാറ്റയാകും
പൂവിനെക്കുറിച്ച് ഓര്‍ക്കുമ്പോഴേ
നീ പൂക്കാലം ചമയ്ക്കും
കണ്ണീരിനെക്കുറിച്ചു
നിന്നോടു പറയാതതു
നീ
പ്രളയം തീര്‍ക്കുമെന്നു
പേടിച്ചിട്ടാണ്.

എഴുതിയത്:                 ഷീജ.സി.കെ

7.3.10

ഹോം വര്‍ക്ക്

ഉടഞ്ഞ കലം
ചിതറിയ വറ്റ്
കര്‍ക്കിടകത്തിലെ
കിണറു പോലെ
അമ്മയുടെ നിറഞ്ഞ
കണ്ണുകള്‍ 
നോക്കൂ ടീച്ചര്‍
ഇതാണെന്റെ വീട്.

എഴുതിയത്: ഷീജ.സി.കെ